അരിയുടെ വില വര്‍ധന വലിയ ചര്‍ച്ചയായിരിക്കുമ്പോഴാണ്, മരച്ചീനിയുടെ വില റെക്കോര്‍ഡിലെത്തുന്നത്. ധാന്യങ്ങള്‍ മുതല്‍ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ വരെയുളള എല്ലാ ഭക്ഷ്യവസ്തുക്കളിലും വിലക്കയറ്റം രൂക്ഷമാണ്. മരച്ചീനിയുടെ വില 2021 ഒക്ടോബറിലെ 22 രൂപയില്‍ നിന്നും 2022 എത്തുമ്പോള്‍ 113% വര്‍ധനവുണ്ടായതായി, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിപണികളില്‍ നിന്നുളള റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ 21 രൂപയായിരുന്ന മരച്ചീനിക്ക് ഇന്ന് വില 44 രൂപയാണ്. ഇരട്ടിയോളം വില കൂടി. 2021 ന്റെ തുടക്കത്തില്‍ മരച്ചീനി വില ഇടിഞ്ഞതോടെ ഉത്പാദനത്തില്‍ ഉണ്ടായ കുറവാണ് വിലക്കയറ്റത്തിന് കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെ നിരവധി കര്‍ഷകര്‍ മരച്ചീനി കൃഷി തിരഞ്ഞെടുത്തു. അതും വിലക്കുറവിന് കാരണമായി. എന്നാല്‍ ഈ വര്‍ഷം കര്‍ഷകര്‍ മറ്റ് വിളകള്‍ക്ക് മുന്‍ഗണന നല്‍കിയതിനാല്‍ ഉത്പാദനത്തില്‍ കുറവുണ്ടാവുകയും ചെയ്തതായി ഐസിഎആര്‍ സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എംഎല്‍ ഷീല പറയുന്നു.
മറ്റ് ഭക്ഷ്യ വസ്തുക്കളുടെ വിലയുമായി താരതമ്യം ചെയുമ്പോള്‍ ചുവന്ന മുളകും ചെറിയ ഉളളിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ചുവന്ന മുളക് കിലോ ഗ്രാമിന് മുന്‍വര്‍ഷത്തെ 158 രൂപയില്‍ നിന്നും ഇപ്പോള്‍ 312 രൂപയില്‍ എത്തി. അതായത് ഏകദേശം 98% വര്‍ധന. ചെറിയ ഉളളിയുടെ വില 44 രൂപയില്‍ നിന്നും 85 ല്‍ എത്തി നില്‍ക്കുന്നു, 93% വില വര്‍ധന. ഒക്ടോബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വില കൂടിയ ഇനമായിരുന്നു ചെറിയുളളി. അരി ഇനങ്ങളില്‍ ജയയ്ക്ക് 53% വില വര്‍ധിച്ചു. ചുവപ്പ് മട്ട അരിക്ക് 32%. പയറുവര്‍ഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുവര പരിപ്പാണ്. കോഴി ഇറച്ചിയുടെ വില 2% വര്‍ധിച്ചു. മട്ടന് 3%. സെപ്റ്റംബറില്‍ 112 രൂപയായിരുന്ന കോഴിവില ഒക്ടോബറില്‍ 133 ആയാണ് ഉയര്‍ന്നത്.