ക്ഷേത്രപ്രവേശന വിളംബര അനുസ്മരണ ദിനാചരണച്ചടങ്ങിൽ പങ്കെടുക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി മുന്‍ രാജകുടുംബം. സംസ്ഥാന സാംസ്‌കാരിക-പുരാവസ്തു വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ നോട്ടീസിലെ ഭാഷയും പരാമര്‍ശങ്ങൾക്കുമെതിരെ നിശിത വിമര്‍ശമുയർന്ന സാഹചര്യത്തിലാണ് പിന്മാറ്റം.
'ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് കൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്ര പ്രവേശന വിളംബരദിവസം' എന്ന് പറഞ്ഞാണ് ഇന്ന് നടക്കുന്ന ചടങ്ങിന്‌റെ നോട്ടീസ് ആരംഭിക്കുന്നത്.
സാംസ്‌കാരിക-പുരാവസ്തു വകുപ്പ് ഡയരക്ടർ ബി. മസൂദനന്‍ നായരുടെ പേരിലുള്ള നോട്ടീസിലെ പരാമർശങ്ങൾ ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിലുള്ളതാണെന്ന വിമർശമാണ് പരക്കെ ഉയർന്നത്. തിരുവതാംകൂറിലെ ദളിത്- പിന്നാക്ക ജനവിഭാഗങ്ങള്‍ നിരന്തരം സമരം ചെയ്തും രക്തസാക്ഷിത്വം വഹിച്ചും നേടിയെടുത്ത ക്ഷേത്രപ്രവേശന അനുമതിയെ മഹാരാജാവിന്റെ ദയ എന്ന തരത്തിലാണ് നോട്ടീസില്‍ ചിത്രീകരിച്ചത്.
പരിപാടിക്ക് ദീപം തെളിയിക്കാന്‍ ക്ഷണിച്ചിരുന്നത് മുന്‍ രാജ കുടുംബാംഗങ്ങളായ ഗൗരി പാര്‍വതി ഭായി, ഗൗരി ലക്ഷ്മി ഭായി എന്നിവരെയാണ്. ഇരുവരെയും തിരുവിതാംകൂര്‍ രാജ്ഞി'മാരായ രണ്ട് 'ഹെര്‍ ഹൈനസ്' തമ്പുരാട്ടിമാര്‍ എന്നാണ് നോട്ടീസില്‍ വിശേഷിപ്പിച്ചത്. ഈ പ്രയോഗത്തിനെതിരെയും രാജകുടുംബാംഗങ്ങളെ ദീപം തെളിയിക്കാനായി ക്ഷണിച്ചതിനെതിരെയും രൂക്ഷവിമര്‍ശമുയർന്നു.
സംഭവം വിവാദമായതോടെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചിരുന്നു. നോട്ടീസിലുള്ളത് ബോര്‍ഡിന്റെ അഭിപ്രായമല്ലെന്നും ഉള്ളടക്കത്തിലുണ്ടായ പിഴവ് അന്വേഷിക്കുമെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ അനന്ത ഗോപന്‍ അറിയിച്ചത്. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ നിശ്ചയിച്ച പ്രകാരംതന്നെ നടത്തുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ശിലാഫലകത്തിലും 'ഹെര്‍ ഹൈനസ്'
തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നാണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാംവാര്‍ഷികപരിപാടികള്‍ നടക്കുന്നത്. ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
പരിപാടിയുടെ ശിലാഫലകത്തിലും മുന്‍ രാജകുടുംബാംഗങ്ങളെ 'ഹെര്‍ ഹൈനസ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നിറസാന്നിധ്യം ഹെര്‍ ഹൈനസ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി, ഹെര്‍ ഹൈനസ് പൂയംതിരുനാള്‍ ഗൗരി പാര്‍വ്വതിഭായി എന്നാണ് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.