KERALA

സുതാര്യത പ്രഖ്യാപനത്തിൽ മാത്രം, പിഎസ്‌സി വഴി നിയമനമെന്ന് പറഞ്ഞ 20 സ്ഥാപനങ്ങളിൽ ഇപ്പോഴും കരാർ നിയമനം

പിഎസ്‌സിക്ക്‌ നിയമനം കൈമാറാൻ തീരുമാനമായ ശേഷവും സാക്ഷരതാ മിഷൻ, ലൈബ്രറി കൗൺസിൽ തുടങ്ങി 20 സർക്കാർ സ്ഥാപനങ്ങളിൽ വ്യാപകമായി താൽക്കാലിക നിയമനങ്ങൾ

എ വി ജയശങ്കർ

സംസ്ഥാനത്ത് നിയമനം പിഎസ്‌സിക്ക്‌ വിടുമെന്ന സർക്കാർ പറഞ്ഞ സ്ഥാപനങ്ങളിൽ ഇപ്പോഴും കരാർ നിയമനങ്ങൾ. ചട്ടങ്ങളിൽ ഭേദഗതി നടപ്പാക്കാതെ വൈകിപ്പിച്ചാണ് കരാര്‍ നിയമനങ്ങളും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നത്.

സാക്ഷരതാ മിഷന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലൈബ്രറി കൗണ്‍സില്‍, ഹൗസ്ഫെഡ്, ടൂര്‍ഫെഡ്, ഹോസ്പിറ്റല്‍ഫെഡ്, റബ്ബര്‍മാര്‍ക്ക്, ലേബര്‍ഫെഡ്, വനിതാഫെഡ്, വിവിധ സഹകരണബോര്‍ഡുകള്‍, അക്കാദമികള്‍ തുടങ്ങിയവയിലാണ് സ്വന്തംനിലയ്ക്ക് ഇപ്പോഴും നിയമനം നടത്തി വരുന്നത്.

കേരള ബാങ്ക്, കേരഫെഡ് എന്നിവിടങ്ങളിലും സര്‍വകലാശാലകളിലെ ചില തസ്തികകളിലും നിയമനം പിഎസ്‌സിക്ക്‌ വിട്ട് ചട്ടം ഭേദഗതി ചെയ്തു. എന്നാല്‍, പിഎസ്‌സി വഴി നിയമനം തുടങ്ങിയിട്ടില്ല. ഒഴിവുകൾ  റിപ്പോര്‍ട്ട് ചെയ്യാത്തതാണ് കാരണം. ഒഴിവുകള്‍ കണക്കാക്കുന്നതില്‍ സാങ്കേതിക തടസമുണ്ടെന്നാണ് അധികൃതര്‍ ഉന്നയിക്കുന്ന വാദം.

37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ ലഭിക്കുന്നതിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിടെയാണ് താല്‍ക്കാലിക നിയമനങ്ങള്‍ തുടരുന്നത്. കഴിഞ്ഞ 10 മാസത്തിനിടയില്‍ 6,200 പേർക്ക് മാത്രമാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കത്ത് വിവാദം ഉയർന്ന തിരുവനന്തപുരത്താണ് ഏറ്റവും കൂടതല്‍ പേർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്.

സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയുടെ നിയമനം പിഎസ്‌സിക്ക്‌ വിട്ട് രണ്ടുവര്‍ഷം മുന്‍പ് ഉത്തരവിറങ്ങിയിട്ടും ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കാന്‍ പിഎസ്‌സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. യോഗ്യതയിലുണ്ടായ സാങ്കേതിക പിശക് തിരുത്തിനല്‍കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. ഏഴാംക്ലാസ് വിജയത്തിനൊപ്പം എഴുതാനും വായിക്കാനുമുള്ള അറിവും യോഗ്യതയാക്കിയതാണ് തിരുത്തേണ്ടത്. 13 സര്‍വകലാശാലകളിലായി ആയിരത്തിലേറെ ഒഴിവുണ്ട്. ദിവസവേതനക്കാരാണ് മിക്ക സര്‍വകലാശാലകളിലും ഇപ്പോഴും ജോലി ചെയ്തുവരുന്നത്.

26 വര്‍ഷം മുമ്പ് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 15 സഹകരണ അപ്പെക്സ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക്‌ വിട്ട് ഉത്തരവിറക്കിയത്. മാര്‍ക്കറ്റ് ഫെഡ്, കാര്‍ഷിക ഗ്രാമവികസന ബാങ്ക്, മത്സ്യഫെഡ് എന്നിവയുടെ ചട്ടം ഭേദഗതിചെയ്ത് നിയമനങ്ങള്‍ പിഎസ്‌സിക്ക് കൈമാറുന്നത് ഈയടുത്തകാലത്താണ്. എന്നാല്‍, ടൂര്‍ഫെഡ്, വനിതാഫെഡ്, ഹൗസ്ഫെഡ്, ലേബര്‍ഫെഡ്, ഹോസ്പിറ്റല്‍ഫെഡ് എന്നിവടങ്ങളില്‍ ഇനിയും ഭേദഗതി നടപ്പായില്ല. ഇവിടങ്ങളിൽ നിയമനമിപ്പോഴും സ്വന്തം നിലയില്‍തന്നെയാണ് നടക്കുന്നത്. സ്ഥിരനിയമനങ്ങള്‍ പിഎസ്‌സിക്ക് കൈമാറിയിട്ടുള്ള മില്‍മയില്‍ പിന്‍വാതില്‍ വഴി സ്ഥിരം-കരാര്‍ നിയമനങ്ങള്‍ നടക്കുന്നു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിനെയാണ് (സിഎംഡി) ചുമതലപ്പെടുത്തിയിട്ടുള്ളത്. സാങ്കേതിക തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ മില്‍മ പിഎസ്‌സിക്ക് കൈമാറിയിട്ടില്ല. അതിനാല്‍ നേരിട്ട് നിയമനം നടത്താന്‍ തടസമില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ