സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കൂടി തുറന്നു. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് വൈകിട്ട് അഞ്ചു മണിയോടെ വി1, വി5, വി6, വി10 എന്നീ ഷട്ടറുകള്‍ കൂടി തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ മുല്ലപ്പെരിയാറില്‍ നിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ ആകെ കണക്ക് 1870 ഘടനയടിയായി ഉയര്‍ന്നു.
നേരത്തെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രാവിലെ ഡാമിന്റെ വി2, വി 3, വി4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് ആദ്യ ഘട്ടത്തില്‍ തുറന്നുവിട്ടത്. എന്നാല്‍ മഴ കനത്തതോടെ വൈകിട്ട് മൂന്നു മണിയോടെ വി7, വി8, വി9 എന്നീ ഷട്ടറുകളും 30 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. പക്ഷേ മഴ തിമിര്‍ത്തുപെയ്തതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിക്കുകയായിരുന്നു. ഇതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായത്.
മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഒഴുകിയെത്തിയതോടെ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇടുക്കിയിലെ സ്ഥിതി ആശങ്കാജനകമല്ലെന്നും ജലനിരപ്പ് നിയന്ത്രണാധീനമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കിയില്‍ നിലവില്‍ 2408.5 അടിയാണ് ജലനിരപ്പ്.
എന്നാല്‍ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതുറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ വേണ്ടി വന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാറിനു പുറമേ പാലക്കാട് മലമ്പുഴ, കൊല്ലം തെന്മല എന്നീ ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കല്ലടയാറിന്റെ തീരത്തും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതായി റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു.