മലപ്പുറത്ത് നിപ ബാധിതനായി മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിപ സമ്പർക്കപ്പട്ടികയിലുള്ള 74 പരിശോധനാ ഫലങ്ങളാണ് ഇതുവരെ നെഗറ്റീവായത്. ഈ മാസം ഒൻപതിനാണ് യുവാവ് നിപ ബാധിച്ച് മരിച്ചത്.
നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് ആറു പേര്‍ക്ക് ഉള്‍പ്പെടെ 274 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.
ബെംഗളൂരുവില്‍ പഠിക്കുകയായിരുന്നു വിദ്യാർഥിക്ക് നാട്ടിലെത്തിയശേഷം കടുത്ത പനി ബാധിക്കുകയായിരുന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പനിവിട്ടുമാറത്ത സാഹചര്യത്തിലായിരുന്നു എംഇഎസില്‍ പ്രവേശിപ്പിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.
ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പുനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം മങ്കിപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിനിക്ക് രോഗ ബാധയില്ല. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ ആലപ്പുഴയിൽ എംപോക്സ് രോഗ ബാധ സംശയിച്ച് ഒരാള്‍ ചികിത്സ തേടി. വിദേശത്ത് നിന്ന് എത്തിയ വ്യക്തിയെയാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റീനിലാണ്.