ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായ നിലപാട് മയപ്പെടുത്തി താമരശേരി രൂപത. ഫീല്‍ഡ് സര്‍വെ നടത്താനുള്ള ഉന്നതതല യോഗത്തിന്റെ തീരുമാനം പ്രത്യാശ നല്‍കുന്നതാണെന്നാണ് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയലിന്റെ നിലപാട്. സമയബന്ധിതവും സമഗ്രവുമായി വിവരശേഖരണം നടത്തിയും ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചും ഫീല്‍ഡ് സര്‍വേ പൂര്‍ത്തീകരിക്കണമെന്നാണ് രൂപത നിര്‍ദേശിക്കുന്നത് . ബഫര്‍സോണില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുമെന്ന പ്രത്യാശയും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയല്‍ പ്രകടിപ്പിച്ചു. വനംവകുപ്പിനോടുള്ള എതിര്‍പ്പ് സഭ തുറന്നു പറയുന്നുണ്ട്. മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
ബഫര്‍സോണ്‍ നിർണയം നിശബ്ദ കുടിയിറക്കത്തിനുള്ള വേദിയൊരുക്കലാകുമെന്ന ആശങ്ക സഭ പങ്കുവെയ്ക്കുന്നു. കര്‍ഷകര്‍ വില കൊടുത്ത് വാങ്ങി, കാലങ്ങളായി നികുതിയടച്ച് പോന്നിരുന്ന ഭൂമി വനഭൂമിയായി പ്രഖ്യാപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഉപഗ്രഹ സര്‍വേ തീര്‍ത്തും അശാസ്ത്രീയമാണെന്ന നിലപാടില്‍ മാറ്റമില്ല. അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. ജാതിക്കും മതത്തിനും അതീതമായാണ് ബഫര്‍സോണ്‍ വിഷയത്തില്‍ താമരശേരി രൂപതയുടെ ഇടപെടലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കർഷകർ ആവശ്യപ്പെടുന്നത് വരെ ഉപഗ്രഹ സർവേ വിശദാംശങ്ങള്‍ പുറത്ത് വിടാതിരുന്ന നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.
വനംവകുപ്പിനെയാണ് വിഷയത്തില്‍ സഭ കുറ്റപ്പെടുത്തുന്നത്. റവന്യൂ വകുപ്പും സര്‍ക്കാരും വനംവകുപ്പിനെ ഭയക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ അതിര്‍ത്തി നിര്‍ണയം ഏല്‍പ്പിക്കുന്നത് കള്ളനെ കാവല്‍ നിര്‍ത്തുന്നതിന് തുല്യമാണ്. അതുകൊണ്ടു തന്നെ വനം വകുപ്പിനെ സര്‍വേ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഉന്നതതല യോഗ തീരുമാനത്തോടെ കൂടുതല്‍ അവ്യക്തത രൂപപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.