താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിൽ എത്തി അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റാണിത്.
പ്രതികളെ സിബിഐ അറസ്റ്റ് ചെയ്ത നടപടിയിൽ സന്തോഷമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു. തെളിവുകളെല്ലാം ഉണ്ടായിട്ടും നടപടിക്ക് കാലതാമസം നേരിട്ടതായും സിബിഐയുടെ രീതി അങ്ങനെയായത് കൊണ്ടാവാമെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
തിരൂരങ്ങാടി സ്വദേശി താമിര്‍ ജാഫ്രി കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനു പുലർച്ചെയാണു താനൂരിൽ പോലീസ് സ്റ്റേഷനിൽ മരിച്ചത്. മയക്കുമരുന്ന് കേസിലായിരുന്നു താമിറിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. താമിർ പുലർച്ചെയോടെ സ്റ്റേഷനിൽ തളർന്നുവീഴുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
ദണ്ഡുപയോഗിച്ച് അടിച്ചതിനെത്തുടർന്ന് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും തുടകൾക്കു പുറകിലും ഇടതുകാലിന്റെ അടിഭാഗത്തും മാരകമായി അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെയുള്ളത് 21 മുറിവുകളാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
താമിർ ജിഫ്രിയെ പോലീസ് ക്രൂരമായി മർദിച്ചതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. ചേളാരിയിൽനിന്ന് താമിറടങ്ങുന്ന 12 അംഗസംഘത്തെ പിടികൂടി കൊണ്ടുപോയത് താനൂരിലെ പോലീസ് ക്വാട്ടേഴ്സിലേക്കായിരുന്നു. കൈവിലങ്ങണിയിച്ചതു കാരണം വേദനിക്കുന്നുവെന്ന് പറഞ്ഞതിനുപിന്നാലെയാണ് താമിറിനെ ക്രൂരമായി മർദിച്ചതെന്നും ഇയാൾ പറയുന്നു.
''താമിറിനെ പോലീസ് അതിക്രൂരമായി മർദിച്ചു. താമിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചിട്ടുണ്ട്. പലതവണ പുറത്തുകൊണ്ടുപോയി തിരിച്ച് ക്വാട്ടേഴ്സിലെത്തിച്ചപ്പോൾ താമിറിനു നേരെനിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ താമിറിനു നേരെനിൽക്കാൻ കഴിയാത്തത് ലഹരി ഉപയോഗിച്ചത് കാരണമെന്നായിരുന്നു പോലീസ് ഭാഷ്യം. രാത്രി ഒന്നരയോടെ സംഘത്തിലെ അഞ്ചുപേരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു,'' സുഹൃത്ത് വെളിപ്പെടുത്തി.
കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കേസ് അന്വേഷണത്തിന് സിബിഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഉത്തരവിൽ നിർദേശമുണ്ട്. കസ്റ്റഡി കൊലപാതകം ഗുരുതര സ്വഭാവമുള്ള കേസാണെന്നും അത്തരം കേസുകൾ സിബിഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ പ്രതികളാരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നില്ല. കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നില്ല. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു.
നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമായതിനാൽ കേസ് ഉടൻ ഏറ്റെടുക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്വാധീനത്തിനു വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് ഹാരിസ് ജിഫ്രി ഹൈക്കോടതിയെ സമീപിച്ചത്.