KERALA

താനൂർ കസ്റ്റഡി മരണം: താമിറിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ, 'അടിയേറ്റ് അവശനായി'

പലതവണ പുറത്തുകൊണ്ടുപോയി തിരിച്ച് ക്വാട്ടേഴ്സിലെത്തിച്ചപ്പോൾ താമിറിന് നേരെനിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും സുഹൃത്ത്

ദ ഫോർത്ത്- മലപ്പുറം

മയക്കുമരുന്ന് കേസിൽ താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയെ പോലീസ് ക്രൂരമായി മർദിച്ചതായി സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ചേളാരിയിൽ നിന്ന് താമിറടങ്ങുന്ന 12 അംഗസംഘത്തെ പിടികൂടി കൊണ്ടുപോയത് താനൂരിലെ പോലീസ് ക്വാട്ടേഴ്സിലേക്കായിരുന്നു. കൈവിലങ്ങണിയിച്ചത് കാരണം വേദനിക്കുന്നുവെന്ന് പറഞ്ഞതിനുപിന്നാലെയാണ് താമിറിനെ ക്രൂരമായി മർദിച്ചതെന്നും ഇയാൾ പറയുന്നു.

പോലീസിന്റെ കൈയ്യിൽ വടിയുണ്ടായിരുന്നു. ഇതിനിടയിൽ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ അവിടേയ്ക്ക് വന്നതായും സുഹൃത്ത് പറയുന്നു. അതാരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''താമിറിനെ പോലീസ് അതിക്രൂരമായി മർദിച്ചു. താമിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചിട്ടുണ്ട്. പലതവണ പുറത്തുകൊണ്ടുപോയി തിരിച്ച് ക്വാട്ടേഴ്സിലെത്തിച്ചപ്പോൾ താമിറിന് നേരെനിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. കൈകൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ താമിറിന് നേരെനിൽക്കാൻ കഴിയാത്തത് ലഹരി ഉപയോഗിച്ചത് കാരണമെന്നായിരുന്നു പോലീസ് ഭാഷ്യം. രാത്രി ഒന്നരയോടെ സംഘത്തിലെ അഞ്ചുപേരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു,'' സുഹൃത്ത് വെളിപ്പെടുത്തി.

താമിറിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നു ഏതു കോടതിയിലും മൊഴിനല്‍കാന്‍ തയാറാണെന്നു താമിറിനൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. ''താമിറിന്റെ വാടക വീട്ടിലെത്തിയ പോലീസുകാര്‍ ആരും യൂണിഫോമിലായിരുന്നില്ല. തങ്ങളുടെ കൂടെ വന്ന് സഹകരിക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് താനൂരില്‍ എത്തിച്ചശേഷം താമിറിനെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അടി കൊണ്ട താമിറിന്റെ കാല്‍പാദം വല്ലാതെ ചുവന്നിരുന്നു. തുടര്‍ച്ചയായി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് കരുതുന്നയാള്‍ എത്തിയിട്ടും താമിറിനെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലായിരുന്നു. താമിറിനെ തല്ലിക്കൊന്നതാണെന്ന് ഏതു കോടതിയിലും വിളിച്ചു പറയാന്‍ തയ്യാറാണ്. അത്രയും നെറികെട്ട രീതിയിലാണ് പോലീസ് പെരുമാറിയിട്ടുള്ളത്''- സുഹൃത്ത് പറഞ്ഞു.

അതേസമയം മർദ്ദനത്തത്തിനിടയിൽ പോലീസ് ക്വാട്ടേഴ്സിലെത്തിയ ഉന്നത ഉദ്യോഗസ്ഥൻ ആരാണെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതികളായേക്കാവുന്ന സാഹചര്യങ്ങിലേക്കാണ് വെളിപ്പെടുത്തലുകളും മറ്റു തെളിവുകളും വിരൽചൂണ്ടുന്നത്.

12 അംഗ സംഘത്തെ പിടികൂടിയ പോലീസ് എഫ്ഐആറിൽ അഞ്ച് പേരടങ്ങുന്ന സംഘമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താമിറുമായി പോലീസിന് മുൻവൈര്യാഗമുണ്ടോ, ഡാൻസാഫ് സംഘത്തിലുള്ളത് ആരൊക്കെയായിരുന്നു തുടങ്ങി നിരവധി വിവരങ്ങൾ പുറത്തുവരാനുണ്ട്. കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിച്ചത്ത് വന്നേക്കുമെന്നാണ് സൂചന. മലപ്പുറം എസ്പി സുജിത് ദാസടക്കം സംശയ നിഴലിലാവുന്ന സാഹചര്യമാണുള്ളത്.

പോലീസ് ആരെയും തല്ലാനുള്ള സംവിധാനമല്ലെന്നും താനൂരിലേത് ഒറ്റപ്പെട്ട സംഭവമെന്നാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞത്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം എംഡിഎംഎ കേസെന്ന് പറഞ്ഞ് തേച്ചുമാച്ചു കളയാനാണ് ആദ്യഘട്ടത്തിൽ പോലീസ് ശ്രമിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാൽ തല്ലിക്കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്ന് വ്യക്തമാണെന്നും ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ