KERALA

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർഗ്രൂപ്പും മാഫിയയും ഇല്ലെന്ന്'അമ്മ', സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളിൽനിന്നും മൊഴിയെടുത്തില്ലെന്നും വിമർശനം

വെബ് ഡെസ്ക്

ഹേമ കമ്മിറ്റിയിൽ പറയുന്ന കാര്യങ്ങൾ ഒറ്റപ്പെട്ടതാണെന്നും, പവർ ഗ്രൂപ്പും മാഫിയയും സിനിമയിൽ ഇല്ലെന്നും താര സംഘടനയായ അമ്മ. റിപ്പോർട്ട് പുറത്തുവന്ന് അഞ്ചാം ദിവസമാണ് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് നിലപാട് വിശദീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ സിദ്ദീഖും മറ്റ് ഭാരവാഹികളും കമ്മിറ്റി അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളിൽനിന്ന് അഭിപ്രായം തേടിയില്ലെന്നും പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് രണ്ട് വർഷം മുമ്പ് സാംസ്ക്കാരിക മന്ത്രി, സജി ചെറിയാൻ ചർച്ച നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയ്ക്ക് എതിരല്ല. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പറയുന്ന കുറ്റ കൃത്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തണം. കുറ്റവാളികളെ ശിക്ഷിക്കണം. റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കണം എന്ന് സര്‍ക്കാരിനോട് താര സംഘടന ആവ്യശ്യപ്പെടുന്നു എന്നും സിദ്ധിഖ് പ്രതികരിച്ചു.

എല്ലാവരും മോശക്കാരാണ് എന്ന് തരത്തിലുള്ള പരാമര്‍ശത്തോട് എതിര്‍പ്പുണ്ട്. എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ട്, പക്ഷേ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല. അത്തരം സാഹചര്യം വിഷമം ഉണ്ടാക്കുന്നു എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പവര്‍ ഗ്രൂപ്പ് എന്താണ് എന്ന് അറിയില്ല, അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ തന്നെ വെളിപ്പെടുത്താന്‍ തയ്യാറാകണം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലെ എല്ലാ സംഘടനളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അത് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനായിരുന്നു. അല്ലാതെ ആര് അഭിനയിക്കണം എന്ന് തീരുമാനിക്കാനല്ല ആ കമ്മിറ്റി. ഒരു പവര്‍ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പ്രതികരിച്ചു.

പ്രതികരണം വൈകിയത് താര സംഘടന തീരുമാനിച്ചിരുന്ന ഷോയുടെ പശ്ചാത്തലത്തിലാണ്. അതിന് പിന്നില്‍ ഒളിച്ചോട്ടമല്ല, സാങ്കേതിക കാരണങ്ങളാണ് പ്രതികരണം വൈകിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ നടപ്പാക്കണം എന്നാണ് സംഘടനയുടെ താത്പര്യം. റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് താര സംഘടനയ്ക്ക് എതിരെയല്ല. അമ്മ എന്ന സംഘടന പ്രതിസ്ഥാനത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരാണ് പരാതി പറഞ്ഞതെന്ന് അറിയില്ലെന്നും കാസ്റ്റിങ് കൌച്ച് അടക്കമുള്ള പരാതികൾ ഇതുവരെ അമ്മയിൽ ആരും അറിയിച്ചിട്ടില്ലെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. ഡബ്ല്യൂ സി സി അംഗങ്ങളെ വിലക്കുന്നു എന്ന ആരോപണവും അമ്മ ഭാരവാഹികൾ നിഷേധിച്ചു.

. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താര സംഘടനയിലെ തന്നെ അംഗങ്ങള്‍ക്ക് വ്യത്യസ്ത നിലപാടാണെന്ന് പുറത്തുവന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വിഷയത്തില്‍ സംഘടന നിലപാട് വ്യക്തമാക്കാന്‍ സമ്മര്‍ദത്തിലായത്.

നേരത്തെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളോട് പ്രതികരിച്ച താര സംഘടനാ ജനറല്‍ സെക്രട്ടറി സിദ്ധിഖ് വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു അറിയിച്ചത്. റിപ്പോര്‍ട്ടില്‍ പറയുന്ന നിലയിലുള്ള ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും സിദ്ധിഖ് പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് സമർപ്പിച്ച് നാലര വർഷത്തിന് ശേഷം ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കേരള സർക്കാർ പുറത്തുവിട്ടത്. വ്യക്തിപരമായ പരാമർശങ്ങളൊഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ടാണ് ഏതാനും ദിവസങ്ങൾക്കുമുൻപ് പുറത്തുവന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും