ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കെെമാറി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് കൈമാറിയത്. ഇ-മെയിൽ വഴിയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. റിപ്പോര്‍ട്ട് ഡിജിപി പരിശോധിച്ച് ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.
സൈബിയെയും കക്ഷിയായ സിനിമാ നിർമാതാവിനെയും ചോദ്യം ചെയ്ത ശേഷമാണ് കമ്മീഷണർ റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുള്ളത്. പരാതിയുമായി ബന്ധപ്പെട്ട് നാല് അഭിഭാഷകരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.
ഒരു ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായി.15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞതായി മൊഴി ലഭിച്ചിരുന്നു. അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോടതി വിജിലൻസ് വിഭാഗം അറിയിച്ചിരുന്നു. എന്നാൽ ബാർ കൗണ്‍സിലില്‍ ഇതുവരെ പരാതികളൊന്നും തന്നെ ലഭിക്കുകയോ ഹൈക്കോടതി നിർദേശിക്കുകയോ ചെയ്തിട്ടില്ല.
അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ മുഖേന നല്‍കിയ ഹര്‍ജിയിലെ ഉത്തരവ് കഴിഞ്ഞ ദിവസം ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ച് വിളിച്ചിരുന്നു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയെ ജാതിപ്പേരു പറഞ്ഞു ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പരാതിക്കാരന്റെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി തിരിച്ചു വിളിച്ചത്. റാന്നി മക്കപ്പുഴ സ്വദേശികളായ ബൈജു സെബാസ്റ്റ്യന്‍, ജിജോ വര്‍ഗീസ് എന്നിവര്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് 2022 ഏപ്രില്‍ 29ന് സിംഗിള്‍ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.എന്നാല്‍ ഈ കേസിലെ പരാതിക്കാരന്റെ ഹര്‍ജിയിലാണ് ഇപ്പോള്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും വാദത്തിന് മാറ്റാന്‍ ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാൻ. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ എന്നിവർക്ക് നൽകാൻ പണം വാങ്ങിയെന്നായിരുന്നു സൈബിക്കെതിരെയുള്ള ആരോപണം.