KERALA

താനൂർ ബോട്ട് അപകടം: ബോട്ടുടമ നാസറിനെ കോടതി 14 ദിവസം റിമാൻഡ് ചെയ്തു

ബോട്ടിന്റെ ഡ്രൈവർ, സഹായി രാജൻ എന്നിവർ ഇപ്പോഴും ഒളിവിലാണ്

വെബ് ഡെസ്ക്

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്‌ലാന്റിക്‌' ബോട്ടിന്റെ ഉടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. നാസറിനെ കോടതി 14 ദിവസം റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. നാസറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. അതേസമയം, ബോട്ടിന്റെ ഡ്രൈവർ, സഹായി രാജൻ എന്നിവർ ഇപ്പോഴും ഒളിവിലാണ്.

നാസറിനെതിരെ പോലീസ് നേരത്തെ കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടകരമായ പ്രവൃത്തിയാല്‍ ജീവഹാനിയുണ്ടാകുമെന്ന് മനസ്സിലായിട്ടും ബോട്ട് സര്‍വീസ് നടത്തിയ പശ്ചാത്തലത്തിലാണ് ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തിയതെന്ന് മലപ്പുറം എസ് പി സുജിത്ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഐപിസി 302-ാം വകുപ്പനുസരിച്ചാണ് കേസെടുത്തത്. അപകടം നടന്നതിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഇന്നലെ വൈകീട്ടോടെയാണ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്തതിന് ശേഷം നാസറിനെ ഇന്നലെ മുലപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. മലപ്പുറം എസ്പി, പ്രത്യേക അന്വേഷണ സംഘം തലവൻ താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

നാസറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്പി വ്യക്തമാക്കി. ബോട്ടിന് ലൈസൻസ് അടക്കം ഇല്ലാതിരുന്നിട്ടും പ്രവർത്തനാനുമതി നൽകിയവരെ കുറിച്ചടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. ബോട്ടിൽ വരുത്തിയ രൂപമാറ്റമടക്കമുള്ളവയിൽ വ്യക്തത വരുന്നതിനായി കുസാറ്റിലെ സാങ്കേതിക വിദഗ്ധരുടെ സഹായവും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പോർട്ട് ഓഫീസറുടെ ഉൾപ്പെടെ മൊഴിയെടുക്കാനും നീക്കമുണ്ട്. അതിനിടെ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. 

അമേരിക്കയില്‍ വോട്ടെണ്ണല്‍ ഔദ്യോഗികമായി പൂര്‍ത്തിയായി; അരിസോണയിലും 'ട്രംപിസം', റെക്കോഡ് തകര്‍ത്ത മുന്നേറ്റം

മെസിയുടെ പ്ലേ ഓഫ് സ്വപ്‌നം പൊലിഞ്ഞു; മയാമിയെ അട്ടിമറിച്ച് അറ്റ്‌ലാന്റ

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ