കുത്തിയൊലിച്ചുവന്ന മലവെള്ളത്തിനൊപ്പം പ്രിയപ്പെട്ടവരുടെ ജീവനും ജീവിതവും ഒഴുകിപോയതിന്റെ വേദനയിലാണ് വയനാട്. രണ്ടാം ദിനം രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ എത്ര ജീവനുകൾ സഹായം കേണു കാത്തുകിടപ്പുണ്ടെന്നോ, എത്ര പേർ വിറങ്ങലിച്ച് മണ്ണിനടിയിൽ കിടപ്പുണ്ടെന്നോ അറിയില്ല. ആശുപത്രി വരാന്തകളിൽ ഉറ്റവരെ തേടിയുള്ള നിലവിളികൾക്കിനിയും അറുതിയായിട്ടില്ല. രക്ഷാപ്രവർത്തനത്തിന് രണ്ടാം ദിനം കൂടുതൽ വേദനകളുടേതും നെടുവീർപ്പിന്‍റേതുമാണ്.
വയനാട് പുഞ്ചിരിമുട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 153 മൃതദേഹങ്ങൾ കണ്ടെത്തുവെന്നാണ് സർക്കാർ സ്ഥിരീകരിക്കുന്നത്. വിംസ് ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി എന്നിങ്ങനെ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി എത്രയും വേഗം വിട്ടുനൽകാനുള്ള ശ്രമത്തിലാണ് അധികൃതർ.
എന്നാൽ 21 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. 486 പേരെയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയിട്ടുള്ളത്. 186 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേർ കഴിയുന്നുണ്ട്.
മൃതദേഹങ്ങൾക്ക് പുറമെ നിരവധി ശരീരഭാഗങ്ങളാണ് ദുരന്തമുഖത്തുനിന്നും ചാലിയാറിൽനിന്നും ലഭിച്ചത്. ആരുടെതെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത ഭാഗങ്ങൾ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. 98 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത് എന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ കഴിഞ്ഞദിവസം രാത്രിയിൽ നിരവധി പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചെടുത്തിരുന്നു. ഇവരുടെയൊന്നും കണക്കുകൾ ഔദ്യോഗിക കണക്കിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചത്. അങ്ങനെ വരുമ്പോൾ കാണാതായവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നും മന്ത്രി പറയുന്നു.
അതേസമയം, ഇരുനൂറിലധികം പേരെങ്കിലും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പുറമെ ലയങ്ങളിൽ താമസിച്ചിരുന്ന തോട്ടം തൊഴിലാളികളും ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. ഇവരുടെ എണ്ണം എത്രയെന്നതിനെ കുറിച്ച് വ്യക്തമായ കണക്കില്ലെന്നും ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവർ പറയുന്നു.. അങ്ങനെയെങ്കിൽ കണ്ടെത്താനുള്ളവരുടെ എണ്ണം ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്.
നിലവിൽ പുഴയ്ക്ക് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക പലമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. വണ്ടികൾക്ക് പോകാൻ കഴിയുന്ന തരത്തിൽ ഇനിയൊരു പാലം നിർമിക്കാനുള്ള തയാറെടുപ്പിലാണ് സൈന്യം. അതിന്റെ പണി പൂർത്തിയാകുന്നതോടെ ജെസിബികൾ ഉൾപ്പെടെയുള്ളവ എത്തിച്ച് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കര, നാവിക, വ്യോമ സേനയ്ക്ക് പുറമെ എൻ ഡി ആർ എഫ്, കേരള ഫയർ ഫോഴ്സ്, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരെല്ലാം കൈകോർത്താണ് മരണഭൂമിയായി മാറിയ മുണ്ടക്കൈയിലും ചൂരലമലയിലുമെല്ലാം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ബെംഗളുരുവിൽനിന്ന് കൂടുതൽ സൈന്യം ഇന്നെത്തും.