ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനരാലോചിക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിന്‌റെ അധ്യക്ഷതയില്‍ ചേരുന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി(എന്‍ടിബിആര്‍) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ലക്ഷങ്ങള്‍ ചെലവാക്കി പരിശീലനം നടത്തിയതിനാല്‍ ചാംപ്യന്‍സ് ബോട്ട് ലീഗ് നടത്തണമെന്ന് വിവിധ വള്ളസമിതികളും ക്ലബുകളും ആവശ്യപ്പെട്ട സാഹചര്യത്തില്‍ക്കൂടിയാണ് പുനരാലോചിക്കാനുള്ള തീരുമാനം.
ഇന്ന് വിവിധ പരിപാടികള്‍ക്കായി ആലപ്പുഴയിലെത്തുന്ന മന്ത്രി വള്ളംകളിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് വൈകിട്ട് ഏഴിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചതു കാരണം ഉടലെടുത്ത പ്രശ്‌നങ്ങള്‍, വള്ളംകളിയുടെ വിജയകരമായ നടത്തിപ്പ് എന്നിവ ചര്‍ച്ച ചെയ്യും. സിബിഎല്‍ നടത്തണമെന്ന ആവശ്യവും യോഗത്തില്‍ ബോട്ട് ക്ലബ്, വള്ള സമിതി പ്രതിനിധികള്‍ ഉന്നയിക്കും. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന 28ന് മുന്‍പുതന്നെ സിബിഎല്‍ നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ക്ലബുകളുടെ ആവശ്യം. യോഗ്യത സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ സിബിഎല്‍ യോഗ്യതാമത്സരമായ നെഹ്‌റുട്രോഫി നടക്കുന്നതിനുമുമ്പ് വിഷയത്തില്‍ അന്തിമനിലപാട് അറിയിക്കണമെന്ന് ക്ലബുകള്‍ ആവശ്യപ്പെടുന്നു.
നെഹ്‌റുട്രോഫി സിബിഎല്ലിന്‌റെ ഭാഗമായതിനാല്‍ ലഭിച്ചിരുന്ന 46 ലക്ഷം രൂപ ലഭിക്കുമോ എന്നതിലും വ്യക്തത ആവശ്യമുണ്ട്. സിബിഎല്‍ നടത്തിയില്ലെങ്കില്‍ ടൂറിസംവകുപ്പ് നഷ്ടപരിഹാരമായി ഈ തുക നല്‍കണമെന്നാണ് എന്‍ടിബിആര്‍ സൊസൈറ്റി ആവശ്യപ്പെടുന്നത്.
ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ സിബിഎല്ലിനായി പണം അനുവദിച്ചിട്ടുണ്ടെന്നും അത് നടത്തണമെന്നും കേരള സ്‌നേക്ക് ബോട്ട് ആന്‍ഡ് റോവേഴ്‌സ് അസോസിയേഷനും (കെഎസ്ബിആര്‍എ) ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റില്‍ പണം അനുവദിച്ചതോടെ ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പടെ പരിശീലനത്തിലായിരുന്നു. അന്‍പത് ലക്ഷം രൂപ വരെ പരിശീലനത്തിനായി ചെലവാക്കിയവരുണ്ട്. ഈ സാഹചര്യത്തില്‍ സിബിഎല്‍ നടത്തിയില്ലെങ്കില്‍ ഭാരിച്ച നഷ്ടമുണ്ടാകും. അതിനാല്‍ വേണ്ട മാറ്റങ്ങള്‍ നടത്തി ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തണമെന്ന് കെഎസ്ബിആര്‍എ ഭാരവാഹികള്‍ പറഞ്ഞു.