കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറുടെ കുറ്റസമ്മതം പുറത്ത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലെ ഡോക്ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സജ്നയുടെ കുടുംബം. ഇടത് കാലിന് ശസ്ത്രക്രിയ നടത്താനാണ് താൻ മുന്നൊരുക്കം നടത്തിയതെന്ന് ഡോക്ടര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആ സമയത്ത് പറ്റിപോയതാണെന്നും മറ്റൊരു വിശദീകരണവും നല്‍കാനില്ലെന്നും ഡോക്ടര്‍ പറയുന്നു. ബന്ധുക്കളുമായി ആശുപത്രി മാനേജ്മെന്റ് നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
''സത്യത്തിൽ ഇടത് കാലിന് വേണ്ടിയാണ് ഞാൻ മുന്നൊരുക്കം നടത്തിയത്. നിങ്ങൾ പറയുന്നതെല്ലാം ശരിയാണ്. ആ സമയത്ത് പറ്റിപോയതാണ്. എനിക്ക് വേറൊന്നും പറയാനില്ല''- എന്നാണ് ഡോ. പി ബെഹിർഷാൻ പറയുന്നത്. ഈ ദൃശ്യങ്ങൾ സജ്നയുടെ കുടുംബം പോലീസിനും കൈമാറിയിട്ടുണ്ട്.
കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലാണ് കക്കോടി സ്വദേശിനി സജ്‌നയുടെ ഇടത് കാലിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ബഹിര്‍ഷാന്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. വാതിലിന് ഇടയില്‍ കാല് കുടുങ്ങിയതിനെ തുടര്‍ന്നാണ് 60 വയസുകാരിയായ സജ്‌ന 10 മാസം മുന്‍പ് ആശുപത്രിയില്‍ എത്തുന്നത്. ഫെബ്രുവരി 20 തിങ്കളാഴ്ചയാണ് ശസ്ത്രക്രിയയ്ക്കായി സജ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ഇല്ലാതെ തന്നെ രോഗം ഭേദമാക്കാമെന്ന് ഡോക്ടർ ഉറപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ പറയുകയായിരുന്നു. എന്നാൽ ഇടത് കാലിന് പകരം വലതു കാലിലാണ് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ ഡോക്ടര്‍ തെറ്റ് സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നത്. ഒ പി ചീട്ട്, രോഗിയുടെ കേസ് ഫയല്‍, സ്‌കാനിങ് റിപ്പോര്‍ട്ട് എന്നിവയെല്ലാം വച്ച് സംസാരിച്ചപ്പോള്‍ മാത്രമാണ് മാനേജ്‌മെന്റിന് മുന്നില്‍ ഡോക്ടര്‍ തെറ്റ് സമ്മതിച്ചത്.
ബിപി ഉള്‍പ്പെടെയുള്ള രോഗാവസ്ഥയുള്ളതിനാല്‍ വേദനയുള്ള ഇടത് കാലിന് ശസ്ത്രക്രിയ ഇനി ഉടനെ നടത്താനുമാവില്ല. വലത് കാലിന് ചെറിയ പ്രശ്‌നം ഉള്ളത് കൊണ്ടാണ് സര്‍ജറിയെന്ന് ഡോക്ടര്‍ ആദ്യ ഘട്ടം ന്യായീകരിച്ചെങ്കിലും സ്‌കാനിങ് പോലും ചെയ്യാത്തതും കാല് ശുചിയാക്കാത്തതുമെല്ലാം ചൂണ്ടിക്കാട്ടി ഡോക്ടര്‍ക്ക് പിഴവ് വന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു.
അതേസമയം, അശ്രദ്ധമായ ചികിത്സയ്ക്ക് നിസാര വകുപ്പ് ചുമത്തിയാണ് ഡോ. ബെഹിർഷാനെതിരെ നടക്കാവ് പോലീസ് കേസെടുത്തത്. തുടർ അന്വേഷണത്തിൽ മാത്രമാണ് കൂടുതൽ വകുപ്പുകൾ ചേർക്കുക എന്ന് പോലീസ് അറിയിച്ചതായാണ് കുടുംബം പറയുന്നത്. സംഭവത്തിൽ അഡീ. ഡി എം ഒ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.