KERALA

പുതുപ്പളളിയിലും ഓണക്കിറ്റ് വിതരണം ചെയ്യാം; രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും നിർദേശം

വെബ് ഡെസ്ക്

പുതുപ്പളളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും മണ്ഡലത്തിൽ ഒണക്കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കിറ്റ് വിതരണം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനുളള അവസരമായി കാണരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നേരത്തെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതുവരെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തി വയ്ക്കാൻ സിഇഒ നിർദേശം നൽകിയിരുന്നു. ഇതു സംബസിച്ച് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്തു നൽകിയതിന് പിന്നാലെ കിറ്റ് വിതരണം നടത്താൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ രം​ഗത്ത് വരികയായിരുന്നു.

കിറ്റു വിതരണം നിർത്തിവയ്ക്കാനുള്ള നിർദേശം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നൽകുന്നതിന് മുന്നെ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റു വിതരണം തടയരുതെന്ന് ആവശ്യപ്പെട്ടാണ് വിഡി സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നൽകിയിരുന്നത്. ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്ന് കോട്ടയം ജില്ലയെ താത്കാലികമായി ഒഴിവാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

സെപ്തംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ്. എട്ടാംതീയതിയാണ് ഫലപ്രഖ്യാപനം.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ