ഇടുക്കി ചിന്നക്കനാലില്‍ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പനെ മാറ്റാനുളള നടപടിക്രമങ്ങൾ വേഗത്തിലാക്കി വനം വകുപ്പ്. അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് മൂന്നാറിലെത്തി. നാളെ ഉച്ചകഴിഞ്ഞ് 2.30ന് മോക്ഡ്രിൽ നടക്കും. ദൗത്യത്തിന് മുന്നോടിയായാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. സർക്കാർ ഉത്തരവ് കിട്ടിയാൽ അടുത്ത ദിവസം തന്നെ ദൗത്യത്തിലേക്ക് സംഘം കടക്കും.
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ആനയെ പിടികൂടുന്നതിന്റെ നീക്കങ്ങൾ വനംവകുപ്പ് നടത്തിയിരിക്കുന്നത്. നേരത്തെ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് അയയ്ക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ആനയെ എങ്ങോട്ട് മാറ്റണം എന്നതും എന്ന് മാറ്റും എന്നതും വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
മോക്ഡ്രില്ലിനായി എട്ട് വനം വകുപ്പ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ട നിർദേശങ്ങളും നേരത്തെ തന്നെ നൽകിയിരുന്നു. പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നാളെ നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും മോക്ഡ്രില്ലിൽ കൃത്യമായി വിവരിച്ചു നൽകും.
ദൗത്യ മേഖലയായ സിമന്റ് പാലത്തിനും, 301 കോളനിക്കും സമീപത്തായി അരിക്കൊമ്പൻ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നുണ്ട്. എന്നാൽ നിലവിൽ കാലാവസ്ഥ അനുകൂലമല്ലാത്തത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.