ലോകകപ്പ് ഫുട്ബാളിന്റെ ആവേശം പങ്കുവയ്ക്കാൻ നിയമസഭാ സാമാജികർക്കായി ദ ഫോർത്ത് തലസ്ഥാനത്ത് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.
നിയമസഭാ സെക്രട്ടേറിയറ്റുമായി സഹകരിച്ച് നടത്തുന്ന മത്സരം ഡിസംബർ 12ന് വൈകിട്ട് 6.30ന് കവടിയാർ പാലസ് ടർഫിൽ നടക്കും. ഖത്തറിൽ നടക്കാതെ പോയ സ്വപ്നതുല്യമായ 'അർജന്റീന - ബ്രസീൽ' മത്സരമാണ് തലസ്ഥാനത്ത് ദ ഫോർത്ത് സംഘടിപ്പിക്കുന്നത്.
സെവൻസ് ഫോർമാറ്റിലുള്ള മത്സരത്തിൽ തദ്ദേശഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് നയിക്കുന്ന മെമ്പേഴ്‌സ് അർജന്റീന ടീം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മെമ്പേഴ്‌സ് ബ്രസീൽ ടീമിനെ നേരിടും. ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും പ്രതിനിധീകരിച്ച് 24 സാമാജികർ ഇരുടീമുകളിലുമായി കളത്തിലിറങ്ങും.
മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും ടീമിലുണ്ട്. സ്പീക്കർ എ എൻ ഷംസീർ കിക്ക് ഓഫ് ചെയ്യുന്ന മത്സരത്തിലെ വിജയികൾക്ക് രണ്ടുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50000 രൂപയും ദ ഫോർത്ത് സമ്മാനമായി നൽകും. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീമുകൾ കൈമാറും.
മുൻ കേരള താരം എബിൻ റോസിന്റെ നേതൃത്വത്തിലുള്ള പാനലാണ് വിധികർത്താക്കൾ. കമന്ററി ബോക്സിൽ പ്രശസ്ത കമന്റേറ്റർ ഷൈജു ദാമോദരനാണ്. മത്സരം ദ ഫോർത്ത് ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ വൈകിട്ട് 6.30 മുതൽ തത്സമയം സംപ്രേക്ഷണം ചെയ്യും.