എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡരുകില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. 17 എസ്എഫ്‌ഐക്കാര്‍ക്കെതിരേ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. പ്രതിഷേധത്തിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ഇത്തരം നിയമലംഘകര്‍ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പോലീസ് വാഹനത്തിലാണ് എത്തിച്ചത്. മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ പ്രതിഷേധക്കാരെ സൈ്വര്യമായി നില്‍ക്കാന്‍ പോലീസ് അനുവദിക്കുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു. തന്റേത് പ്രതിഷേധമല്ലെന്നും നടപടി എടുക്കാന്‍ അധികാരമുള്ള ആളാണ് താനെന്നും വിഷയങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊല്ലം നിലമേലിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത പ്രതിഷേധം നടത്തിയത്. യാത്രയ്ക്കിടെ നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.
പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനോട് കയര്‍ത്തു. തുടര്‍ന്ന് സമീപത്തെ കടയ്ക്ക് മുന്നില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുക്കാതെ മടങ്ങില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. പോലീസ് പ്രതിഷേധക്കാര്‍ക്ക് കരിങ്കൊടി കാണിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു എന്നാണ് ഗവര്‍ണറുടെ നിലപാട്.
ക്ഷുഭിതനായി റോഡില്‍ ഇറങ്ങിയ ഗവര്‍ണര്‍ പോലീസ് ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും വാഹനത്തില്‍ തിരികെ കയറാന്‍ കൂട്ടാക്കാതിരിക്കുകയുമായിരുന്നു. മുഖ്യമന്ത്രിക്ക് ഇങ്ങനെയാണോ സുരക്ഷ ഒരുക്കുക എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. ഇതിനിടെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാനും ഗവര്‍ണര്‍ സ്റ്റാഫിനോട് നിര്‍ദേശിച്ചിരുന്നു.