ആൺസുഹൃത്തായ ഷാരോൺ എന്ന യുവാവിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മയുടെ ഹർജി ഹൈക്കോടതി വിചാരണക്കോടതിക്കു വിട്ടു. വിചാരണക്കോടതിയിൽ ഈ ആവശ്യം ഉന്നയിക്കാമെന്നും അവിടെ തീരുമാനമെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കിയത്. നെയ്യാറ്റിൻകര അഡീ. സെഷൻസ് കോടതി ആവശ്യം അനുവദിക്കാത്തതിനെ തുടർന്നാണ് ഗ്രീഷ്മയും മറ്റുപ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണക്കോടതിയുടെ അധികാരപരിധി സംബന്ധിച്ച തർക്കം വിചാരണ വേളയിൽ ഉന്നയിക്കാമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ തുടർ നടപടികൾ അവസാനിപ്പിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. കേസിൽ ഗ്രീഷ്മക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു
കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നായിരുന്നു ഹർജിയിലെ വാദം. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ബന്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിൽ വിളിച്ചു വരുത്തി വിഷം കലർന്ന കഷായം നൽകിയെന്നും തുടർന്ന് ആശുപത്രിയിൽ മരണപ്പെട്ടുവെന്നുമാണ് കേസ്. 2022 ഓക്ടോബർ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്നാണ് പാറശാല പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.