പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇതര സംസ്ഥാനക്കാരന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ബിഹാര്‍ മുസാഫിര്‍പൂര്‍ ജില്ലക്കാരനായ ജുന്‍ജുന്‍ കുമാറിനാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചിരുന്നത്. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലാണ് ജസറ്റിസ് പി ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
പീഡനശ്രമത്തിനും കൊലപാതകത്തിനുമാണ് പ്രതിയെ ജില്ലാ കോടതി ശിക്ഷിച്ചത്. എന്നാല്‍ പീഡന ശ്രമം സംബന്ധിച്ച് തെളിവ് ലഭിക്കാത്തതിനാല്‍ ഈ കുറ്റം ഹൈക്കോടതി ഒഴിവാക്കി. കൊലപാതകത്തിന് കീഴ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ നിലനിര്‍ത്തി. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്.
പത്തനംതിട്ട കുമ്പനാട് കല്ലുമാലിക്കല്‍ എന്ന വാടകവീട്ടില്‍ 2012 മാര്‍ച്ച് ഒന്‍പതിനാണ് കൊലപാതകം നടന്നത്. ജാര്‍ഖണ്ഡ് സ്വദേശിനി സന്ധ്യാകുമാരിയെയാണ് പ്രതി കൊലപ്പെടുത്തിയത്. സഹോദരിക്കും അവരുടെ ഭര്‍ത്താവ് സഞ്ജീവ് സായ്ക്കുമൊപ്പമായിരുന്നു സന്ധ്യാകുമാരി കുമ്പനാട് കഴിഞ്ഞിരുന്നത്. ജോലി തേടി ഇവിടെ വന്ന ജുന്‍ജുന്‍ കുമാര്‍, സഞ്ജീവിനെ പരിചയപ്പെടുകയും മേസ്തിരിപ്പണിക്കാരനായി ഇയാള്‍ക്കൊപ്പം കൂടുകയുമായിരുന്നു.
സഞ്ജീവ് കുമാര്‍ ഗര്‍ഭിണിയായ ഭാര്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയ സമയത്തായിരുന്നു പീഡന ശ്രമം. ഇവര്‍ മടങ്ങി വന്നപ്പോള്‍ സന്ധ്യയെ മരിച്ചനിലയിലും മറ്റൊരു മുറിയില്‍ ജുന്‍ജുന്‍കുമാറിനെ അബോധാവസ്ഥയിലും കണ്ടെത്തി.
പോലീസ് അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞത് എടി എമ്മില്‍ ചെന്ന് പണമെടുത്തുകൊണ്ട് വരുന്ന വഴി ഒരു സംഘം തന്നെ പിന്തുടര്‍ന്നുവെന്നും വീട്ടിലെത്തിയ അവര്‍ തന്നെ അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം സന്ധ്യയെ ഉപദ്രവിച്ചുവെന്നായിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ സന്ധ്യാകുമാരിയുടെ നഖത്തിനിടയില്‍നിന്നും മറ്റും ജുന്‍ജുന്‍കുമാറിന്റെ ശരീരസ്രവങ്ങള്‍ കിട്ടയതോടെയാണ് ഇയാളാണ് പ്രതിയെന്ന് കണ്ടെത്തിയത്.