KERALA

ജസ്റ്റിസ് ഹേമ കമ്മിറ്റി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും; റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേക അന്വേഷണസംഘം അറിയിക്കും

വെബ് ഡെസ്ക്

ജസ്റ്റിസ് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയെ അറിയിക്കും. വിഷയത്തില്‍ സര്‍ക്കാരിന്‌റെ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയില്‍ വരും. റിപ്പോര്‍ട്ടിന്‍മേല്‍ നാല് വര്‍ഷത്തിനകം നടപടി സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെ നേരത്തേ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നിഷ്‌ക്രിയത്വം പാലിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോര്‍ട്ട് 2021 ല്‍ ഡിജിപിക്ക് കൈമാറിയിട്ടും സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ല? നിങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്നും രേഖാമൂലം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിൽ പരാമർശിച്ച ലൈംഗികാതിക്രമവും പോക്സോ കുറ്റകൃത്യവും പരിശോധിക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് എസ് ഐ ടിക്കു കൈമാറിയശേഷമേ മുദ്രവെച്ച കവർ തുറക്കൂയെന്നു കോടതി വ്യക്തമാക്കിയിരുന്നു.

പരാതിയുമായി മുന്നോട്ടുവന്ന അതിജീവിതമാര്‍ വീണ്ടും മൊഴി നല്‍കാന്‍ സന്നദ്ധരാണെങ്കില്‍ കേസെടുത്ത് മുന്നോട്ട് പോകുന്ന സാഹചര്യം അടക്കം പ്രത്യേക അന്വേഷണസംഘം പരിശോധിക്കണമെന്ന് ഡിവിഷന്‍ബെഞ്ച് നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചു എന്നതായിരിക്കണം ഇന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ അറിയിക്കേണ്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇതിനോടകം രണ്ട് പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ രണ്ട് കേസുകള്‍ സംബന്ധിച്ച വിവരം പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. ഇതോടൊപ്പം മറ്റ് പരാതികളില്‍ സ്വീകരിക്കാന്‍ സാധിക്കുന്ന നിലപാടുകള്‍, കേസെടുക്കാന്‍ സാധിക്കുമോ തുടങ്ങിയവയെ സംബന്ധിച്ചും കോടതിയെ നിലപാട് അറിയിക്കാന്‍ സാധ്യതയുണ്ട്.

അഭിമുഖവേളയില്‍ ഇടനിലക്കാരന്റെ സാന്നിധ്യം സ്ഥിരീകരിച്ച് മുഖ്യമന്ത്രി, 'ദ ഹിന്ദു'വിന്റേത് മാന്യമായ സമീപനം

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇനി വേണ്ടെന്നു സുപ്രീംകോടതി; തടവറയിലെ തൊഴിലിലും വിവേചനം വേണ്ട

എഡിജിപി അജിത്കുമാറിനെ അവസാനം വരെ കൈവിടില്ല; പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ നടപടിയില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയിലും നിലപാടില്ല

'തൃശൂര്‍ പൂരം കലക്കാന്‍ ആസൂത്രിത കുത്സിത ശ്രമം; പ്രത്യേക ത്രിതല അന്വേഷണം, എഡിജിപി അജിത് കുമാറിന്റെ പങ്ക് പോലീസ് മേധാവി അന്വേഷിക്കും'

സഭാ രഹസ്യങ്ങള്‍ സൂക്ഷിക്കാൻ വഴിതേടി സീറോ മലബാർ സഭ; ഫാ. മുണ്ടാടനെതിരെ അച്ചടക്കനടപടി, രഹസ്യസ്വഭാവമുള്ള രേഖകള്‍ വിരമിച്ച മെത്രാൻമാർക്ക് നൽകില്ല