മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടില്ലാത്ത വാചകങ്ങൾ ഉൾപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു. മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്തുകൊണ്ട് തങ്ങളെ കെയ്സൻ എന്ന പിആർ ഏജൻസിയാണ് തങ്ങളെ ബന്ധപ്പെട്ടതെന്നും മലപ്പുറത്തെ ഹവാല പണമിടപാടും സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ പിആർ ഏജൻസി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഉൾപ്പെടുത്തിയതെന്നും ദ ഹിന്ദു തിരുത്തിൽ പറയുന്നു.
പി ആർ ഏജൻസി ആവശ്യപ്പെട്ടത് പ്രകാരം സെപ്റ്റംബർ 29 രാവിലെ ഒൻപത് മണിക്ക് ദ ഹിന്ദുവിലെ മാധ്യമപ്രവർത്തകർ ഡൽഹി കേരളഹൗസിൽ വച്ചാണ് മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യുന്നതെന്നും, ആ സമയത്ത് അവരോടൊപ്പം പി ആർ ഏജൻസിയുടെ രണ്ട് പ്രതിനിധികൾ ഉണ്ടായിരുന്നു എന്നും ഹിന്ദു പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രിയുമായുള്ള അഭിമുഖം 30 മിനുട്ട് നീണ്ടു.
ശേഷം പിആർ ഏജൻസിയുടെ ഒരു പ്രതിനിധി മലപ്പുറത്തെ സ്വര്ണക്കള്ളക്കടത്തുമായും ഹവാല പണമിടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ അഭിമുഖത്തിൽ എഴുതിച്ചേർക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും ദ ഹിന്ദു വിശദീകരിക്കുന്നു. ഇത് നേരത്തെ നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണെന്നും പിആർ ഏജൻസി ഇത് ഉൾപ്പെടുത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി തള്ളിപ്പറഞ്ഞ വരികൾ ഉൾപ്പെടുത്തിയത് എന്നാണ് ദ ഹിന്ദു വിശദീകരിക്കുന്നത്.
ഇത്തരത്തിൽ പിആർ ഏജൻസിയുടെ നിർദേശത്തെ തുടർന്ന് അഭിമുഖത്തിൽ ഒരു ഭാഗം ഉൾപ്പെടുത്തിയത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്ത കാര്യമാണെന്നും അത് ഒരിക്കലും സംഭവിക്കാൻ പാടുള്ളയതായിരുന്നില്ല എന്നും പറഞ്ഞുകൊണ്ടാണ് ദ ഹിന്ദു ക്ഷമാപണം നടത്തുന്നത്.
പത്രത്തിൽ സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ ഇന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ദ ഹിന്ദു പത്രാധിപർക്ക് കത്തയച്ചത്. അഭിമുഖത്തിൽ ഒരു പ്രത്യേക സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ലെന്നാണ് കത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടത്. "രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ" അല്ലെങ്കിൽ "ദേശവിരുദ്ധ പ്രവർത്തനങ്ങൾ" എന്ന പദങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടോ കേരള സർക്കാരിൻ്റെ നിലപാടോ പ്രതിഫലിപ്പിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.