റോഡിലെ ഡിവൈഡറിൽ നിന്ന് തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തിൽ നഗരസഭാ സെക്രട്ടറി ഇന്ന് നേരിട്ട് ഹൈക്കോടതിയിൽ ഹാജരായേക്കും. തൃശൂർ അയ്യന്തോളിൽ അഭിഭാഷകയായ കുക്കു ദേവകിക്ക് പരുക്കേൽക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ നഗരസഭാ സെക്രട്ടറി ഇന്ന് ഉച്ചയ്ക്ക് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടിട്ടുള്ളത്.
കൊടിതോരണങ്ങൾ നീക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും സെക്രട്ടറി വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിൽ അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നതിനിടെ അമിക്കസ് ക്യൂറി തൃശൂർ സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കിസാൻസഭയുടെ സമ്മേളനത്തോടനുബന്ധിച്ചു കെട്ടിയ തോരണങ്ങളാണ് തൃശൂരിൽ അപകടമുണ്ടാക്കിയത്.
പാതയോരങ്ങളിലും മീഡിയനുകളിലും തോരണങ്ങൾ കെട്ടുന്ന ചരട് ഇരുചക്രവാഹന, കാൽനട യാത്രക്കാരുടെ ജീവന് ഭീഷണിയാവുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇത്തരം തോരണങ്ങളും ബാനറുകളുമൊക്കെ നീക്കാനും നടപടിയെടുക്കാനും പ്രാദേശികതല സമിതികളും മേൽനോട്ടത്തിന് ജില്ലാ തല സമിതികളും രൂപീകരിച്ച് സർക്കാർ ഉത്തരവുണ്ടായിട്ടും തൃശൂരിൽ ഇത്തരമൊരു സംഭവമുണ്ടായത് ഗൗരവതരമായ വിഷയമാണന്നും കോടതി നിരീക്ഷിച്ചിരുന്നു. ഭയാനകം എന്നായിരുന്നു കോടതി വിഷയത്തെ വിലയിരുത്തിയത്. അനധികൃത കൊടിതോരണങ്ങളും ബാനറുകളുടെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും കോടതി വിമർശിച്ചു.
അതിനിടെ, തോരണം കുരുങ്ങി പരുക്കേറ്റ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും പോലീസിനും അഡ്വ. കുക്കു ദേവകി പരാതി. ഡിസംബര്‍ 16 ന് അവസാനിച്ച സമ്മേളനത്തിന്റെ തോരണമാണ് അഴിച്ചുമാറ്റാതിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.