ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു. അപക്വവും അനാവശ്യവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ എറണാകുളം സ്വദേശി ബൈജു നോയലിന്റെ നടപടി. തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിച്ചതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ബൈജു നോയല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
2022 ജൂലൈ മൂന്നിന് സജി ചെറിയാന്‍ ഭരണഘടനയെ ബോധപൂര്‍വം അവഹേളിക്കുകയും അനാദരവ് പ്രകടിപ്പിക്കുകയും ചെയ്ത പ്രസംഗത്തിനെതിരായ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. തനിക്കെതിരായ അന്വേഷണത്തെ സജി ചെറിയാന്‍ ഭരണകൂടത്തെ ഉപയോഗിച്ച് അട്ടിമറിച്ചതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
സജി ചെറിയാനെതിരെ കേസെടുത്തതല്ലാതെ ഗൗരവത്തിലുള്ള അന്വേഷണം നടന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 'അന്വേഷണസംഘം സാക്ഷി മൊഴികള്‍ പോലും ശേഖരിച്ചില്ല. സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു അന്വേഷണ നടപടികള്‍. സാക്ഷികളുടെ മൊഴിയെടുക്കാനോ തെളിവുകള്‍ സ്വീകരിക്കാനോ പോലും തയ്യാറായില്ല. ശരിയായ അന്വേഷണത്തോട് പുറംതിരിഞ്ഞുള്ള സമീപനമാണ് തുടക്കം മുതല്‍ സ്വീകരിച്ചത്' - എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആരോപണം. ഗൗരവത്തിലുള്ള അന്വേഷണം നടത്താതെ സജി ചെറിയാനെ രക്ഷപ്പെടുത്തുകയാണ് ചെയ്തതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.