KERALA

അപ്പന്‍ അമ്മയെ വിളിച്ച തെറിയോളം കേട്ടിട്ടില്ല ഞാന്‍ ഒരു കവിതയും; കടലിന്റെ ഭാഷയിലെഴുതുന്ന കവി

അഖില രവീന്ദ്രന്‍

''അപ്പന്‍ അമ്മയെ വിളിച്ച തെറിയോളം കേട്ടിട്ടില്ല ഞാന്‍ ഒരു കവിതയും

അതിനാലെന്റെയീ അവിയോങ്കര അപ്പന്റെ തെറിയെ കുഴിച്ചെടുക്കുന്നു

കണ്ണീരുണങ്ങാത്ത അമ്മയുടെ നനുത്ത കവിളില്‍ ഉമ്മവയ്ക്കുന്നു.''

ഡി അനില്‍കുമാര്‍ (അവിയങ്കോര)

ഇന്ന് മാതൃഭാഷാ ദിനം.

വരേണ്യ ഭാഷകളോട് വിപ്ലവം നടത്തുക, അനുഭവങ്ങളേയും ആശയങ്ങളേയും സ്വന്തം ഭാഷയില്‍ ആവിഷ്കരിക്കുക. ഡി അനില്‍ കുമാര്‍ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ്. തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് ജനിച്ച് പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരദേശ ഭാഷകളെ സമന്വയിപ്പിച്ച് 'അവിയോങ്കര'യെന്ന കവിതാസമാഹാരവും 'കടപ്പറപാസ'യെന്ന കേരളത്തിലെ ആദ്യ കടല്‍ ഭാഷാ നിഘണ്ടുവുമൊരുക്കിയ സാഹിത്യകാരന്‍. മലയാള കവിതയ്ക്ക് കടലോര ബിംബങ്ങളും വര്‍ണ്ണങ്ങളും മാനങ്ങളും നല്‍കിയ കവിതകളാണ് അനില്‍കുമാറിന്റേത്. മാതൃ ഭാഷാ ദിനത്തില്‍ അനില്‍കുമാര്‍ ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.

അവിയങ്കോര കവിതാ സമാഹാരം

ഡി അനില്‍കുമാറിന്റെ ആദ്യ കവിതാ സമാഹാരത്തിന് 'അവിയങ്കോര' എന്നാണ് പേരിട്ടിരിക്കുന്നത്. കടലോരത്തെ സാധാരണക്കാരുടെ മത്സ്യമാണ് അവിയങ്കോര, തന്റെ കവിതകളെ ഏറ്റവും സാധാരണ മനുഷ്യരിലേയ്ക്ക് അടുപ്പിക്കുക എന്ന ഉറച്ച നിലപാട് തന്നെയാണ് അവിയങ്കോര എന്ന പേരില്‍ കടല്‍ ഭാഷയിലെ താന്‍ രചിച്ച കവിതകള്‍ കോര്‍ത്തിണക്കാന്‍ പ്രേരിപ്പിച്ചതെന്ന് അനില്‍ കുമാര്‍ പറയുന്നു. കടലോരത്തിന്റെ ഭാഷയും ജീവിതവും അനുഭവങ്ങളുമെല്ലാം വരച്ചു തീര്‍ത്ത് പുതിയൊരു സാഹിത്യ ലോകം തീര്‍ത്തിരിക്കുകയാണ് അനില്‍ കുമാര്‍.

തീരഭാഷയില്‍ പെണ്ണ് എന്ന അര്‍ത്ഥം വരുന്ന 'കൊമ്പിള്‍' എന്ന ആദ്യ കവിതയില്‍ തുടങ്ങി 'വിശപ്പ്' 'കടല്‍പരപ്പിലെ പെരട്ട്' 'അവിയങ്കോര', 'മുക്കുവന്‍', 'തെരച്ചി' ഓഖിയെ ഓര്‍മിപ്പിക്കുന്ന 'കാറ്റ് കൊണ്ട് പോയവർ'എന്നിവയെല്ലാം കവിതകളായി, 'അവിയങ്കോര' കടലോരത്തെ അടിസ്ഥാന വര്‍ഗത്തിന്റെ കവിതാ പുസ്തകവുമായി തീര്‍ന്നു. അനില്‍ ദ ഫോര്‍ത്തിനോട് പറയുന്നു.

ഡി അനില്‍ കുമാര്‍

ഭാഷയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച അനേകം മനുഷ്യരെ അനുസ്മരിക്കുന്ന ദിനമാണ് ലോക മാതൃഭാഷാ ദിനം. മലയാള ഭാഷയെ സംബന്ധിച്ച് അനേകം മനുഷ്യര്‍ പടുത്തുയര്‍ത്തിയ സാംസ്‌കാരികവും സാമൂഹികവുമായ ചലനങ്ങളിലൂടെയാണ് അത് സ്വന്തം അസ്തിത്വത്തില്‍ ഊന്നി നില്‍ക്കുന്നത്. എന്നാല്‍ അതേസമയം ഭാഷയുടെ സവര്‍ണ ബോധം മലയാളത്തിനുള്ളിലെ അനേകം ചെറുമൊഴികളേയും ന്യൂനപക്ഷ ഭാഷകളേയും ഗോത്രഭാഷാ മൊഴികളേയുമൊക്കെ അന്യവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മാതൃ ഭാഷയെന്നാല്‍ അത് മലയാള ഭാഷ മാത്രമല്ലെന്നും മലയാളത്തിനുള്ളില്‍ വസിക്കുന്ന അപരവത്കൃതരായ അനേകം മനുഷ്യരുടെ ചെറുതും സ്വതന്ത്രവും ന്യൂനപക്ഷ രൂപവുമായ ഭാഷകള്‍ കൂടിയാണെന്ന് പറയുന്നു ഡി അനില്‍കുമാര്‍.

ഇത് മനസിലാക്കാനും അവയേക്കൂടി ആദരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഒരു പൊതു മനസ് മലയാളികള്‍ക്കിടയില്‍ രൂപപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് ഗോത്രഭാഷകളും കടലോര ഭാഷകളും. ചരിത്രത്തിലിടമില്ലാതെ പോയ അനേകം ന്യൂനപക്ഷ മനുഷ്യരുടെ ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് ഈ മാതൃഭാഷാ ദിനം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പൂര്‍ണമാവുകയുള്ളൂവെന്നും അനില്‍ കുമാര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഡി അനില്‍ കുമാര്‍

'കടലെറങ്കണ പെണ്ണുങ്കോ' എന്നതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കവിത. പെണ്ണുങ്ങളെ കടലാഴം കാണിക്കുന്ന പെണ്ണുങ്ങള്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ഇതിവൃത്തമാണ് 'കടലെറങ്കണ പെണ്ണുങ്കോ'. മാറ്റം കവിതയിലൂടെ കൊണ്ട് വരുമ്പോള്‍ അത് എല്ലാത്തിനേക്കാളും പ്രിയപ്പെട്ട കവിതയാകുന്നു. അനില്‍കുമാര്‍ പറഞ്ഞു നിര്‍ത്തുന്നു.

കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം, ബിസിവ കവിതാ പുരസ്‌കാരം, ആര്‍ രാമചന്ദ്രന്‍ കവിതാ പുരസ്‌കാരം, അന്തര്‍കലാലയ വി മധുസൂദനന്‍ നായര്‍ എന്‍ഡോവ്‌മെന്റ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യകാരനാണ് അനില്‍കുമാര്‍. 'കടപ്പറപാസ'യെന്ന കേരളത്തിലെ ആദ്യ കടല്‍ ഭാഷാ നിഘണ്ടു മലയാള സാഹിത്യത്തിനുള്ള അനില്‍ കുമാറിന്‍റെ സംഭാവനയാണ്. അദ്ദേഹത്തിന്‍റെ നിരവധി കവിതകള്‍ ഇംഗ്ലീഷ് തമിഴ്, ബംഗാളി മറാത്തി ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മാര്‍ ഇവാനിയോസ് കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡി അനില്‍കുമാര്‍.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി