ഒടുവില്‍ ഗവര്‍ണര്‍ക്ക് വഴങ്ങി പോലീസ്. ഇന്നലെ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി. ഏഴു വര്‍ഷംവരെ കഠിന തടവ് ലഭിക്കാവുന്ന ഐപിസി 124 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ നിസ്സാര വകുപ്പുകള്‍ ചുമത്തിയതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
ചീഫ് സെക്രട്ടറിയും ഡിജിപിയുമായി ഗവര്‍ണര്‍ ബന്ധപ്പെടുകയും 124 പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗുരുതര വകുപ്പുകള്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. കന്‌റോണ്‍മെന്‌റ് പോലീസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും കേരളത്തിലെ ഒരു ക്യാമ്പസിലും കയറാന്‍ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊ ഇന്നു പറഞ്ഞു. എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ പ്രതിക്കൂട്ടിലാക്കി ഗവര്‍ണര്‍ ഇന്ന് രാവിലെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ആര്‍ഷോയുടെ പ്രതികരണം.
''എല്ലാ തരത്തിലുമുള്ള മാനദണ്ഡങ്ങളെ മറികടന്ന് സെനറ്റില്‍ ആര്‍എസ്എസുകാരെ നോമിനേറ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. വരുന്ന ദിവസങ്ങളില്‍ ക്യാമ്പസുകള്‍ക്കുള്ളില്‍ എസ്എഫ്‌ഐ സമരം വ്യാപിപ്പിക്കും. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഒരു കോളേജിലും പ്രവേശിക്കില്ലെന്ന് ഉറപ്പുവരുത്തും. കരിങ്കൊടി പ്രതിഷേധമുള്‍പ്പെടെ, കൂടുതല്‍ കരുത്തോടെയുള്ള പ്രതിഷേധവുമായി എസ്എഫ്‌ഐ മുന്നോട്ട് പോകും,'' ആര്‍ഷൊ പറഞ്ഞു.
ഇന്ന് രാവിലെ ഡല്‍ഹിയില്‍ വച്ചായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ''കരിങ്കൊടി കാണിക്കുന്നു എന്ന പേരില്‍ ആ റൗഡികള്‍, ക്രിമിനലുകള്‍ കാര്‍ ആക്രമിക്കുകയായിരുന്നു. കാറിന്റെ മുന്നിലും വശങ്ങളിലും അവരായിരുന്നു. പോലീസ് അവരെ പിന്തിരിപ്പിക്കാന്‍ തയാറായില്ല. പ്രതിഷേധം നടന്ന എല്ലാ സ്ഥലങ്ങളിലേക്കും അവരെത്തിയത് പോലീസ് ജീപ്പിലാണ്. ആരാണ് ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി തന്നെ. അദ്ദേഹത്തിന്റെ നിര്‍ദേശത്തിലാണ് എല്ലാ കാര്യങ്ങളും നടന്നത്,'' ഗവര്‍ണര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത്. പ്രതിഷേധക്കാരെ 'ബ്ലഡി ഫൂള്‍സ്, ക്രിമിനല്‍സ്' എന്നു ഗവര്‍ണര്‍ വിളിക്കുകയും ചെയ്തു. അടിക്കാന്‍ വന്നവരാണെങ്കില്‍ വരാന്‍ വെല്ലുവിളിച്ച ഗവര്‍ണര്‍, പേടിച്ചോടുന്നയാളല്ല താനെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തന്നെ കായികമായി ആക്രമിക്കാനാണു ശ്രമിച്ചതെന്നും തലസ്ഥാനത്തു ഗുണ്ടാരാജാണെന്നും അദ്ദേഹം ഇന്നലെയും ആരോപിച്ചിരുന്നു.