ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച അഭിമുഖം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമുഖത്തിനായി തന്നെ സമീപിച്ചത് സിപിഎം മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകന്‍ ടി ഡി സുബ്രഹ്‌മണ്യനാണെന്ന് മുഖ്യമന്ത്രി. ഹിന്ദുവിന് അഭിമുഖം കൊടുത്തൂടെ എന്നു സുബ്രഹ്‌മണ്യന്‍ ചോദിച്ചു, എനിക്കും പ്രശ്മമില്ലാത്തതിനാല്‍ സമയം കൊടുത്തു. ദേവകുമാറിന്റെ മകന്‍ ചെറുപ്പം മുതല്‍ രാഷ്ട്രീയമായി ഒപ്പം നില്‍ക്കുന്ന ആളാണ്. ഒറ്റപ്പാലത്തുകാരി ലേഖികയായിരുന്നു അഭിമുഖം എടുത്തത്. ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. ഒരു ചോദ്യം അന്‍വറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു. നേരത്തേ, പറഞ്ഞതിനാല്‍ വിശദമായി പറയുന്നില്ലെന്ന് വ്യക്തമാക്കി.
അഭിമുഖം പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ പറയാത്ത കാര്യം വന്നു. ഏതെങ്കിലും ഒരു ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന നില ഇതുവരെ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിശദീകരണം, വന്നു. ഒരു പിആര്‍ ഏജന്‍സിയെയും ഏര്‍പ്പെടുത്തിയില്ല, തുക ചെലവഴിച്ചിട്ടില്ല. ഈ പറയുന്ന തരത്തില്‍ ഒരുഭാഗം കൊടുക്കാന്‍ പാടില്ല. മാന്യമായ നിലയില്‍ ഹിന്ദു ഖേദം പറഞ്ഞു. അഭിമുഖം നടന്നപ്പോള്‍ ഒരാള്‍ കൂടി വന്നു, അയാളെ എനിക്കറിയില്ല. ഏജന്‍സിയുടെ ആളാണെന്ന് പിന്നീട് മനസിലായി. സര്‍ക്കാര്‍ ഒരു ഏജന്‍സിയെ ഏര്‍പ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന് എന്നെ കൂട്ടരുത്. ദ ഹിന്ദു മാന്യത കാട്ടി, നിങ്ങള്‍ ആണെങ്കില്‍ കാട്ടില്ല. ഗള്‍ഫിലെ പല ഏജന്‍സികളും എന്റെ അഭിമുഖം എടുക്കാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമക്കി.
ദ ഹിന്ദുവില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം വിവാദമായതോടെ പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്തുകൊണ്ട് തങ്ങളെ കെയ്‌സന്‍ എന്ന പിആര്‍ ഏജന്‍സിയാണ് ബന്ധപ്പെട്ടതെന്നും മലപ്പുറത്തെ ഹവാല പണമിടപാടും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പിആര്‍ ഏജന്‍സി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം.