സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി സെപ്റ്റംബർ 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. അവധി സെപ്റ്റംബർ 28ലേക്ക് മാറ്റുന്നത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.
നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സെപ്റ്റംബര്‍ 27നാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ വി അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കും വിവിധ സംഘടനകളും മതനേതാക്കളും അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് 28ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
കേരള മുസ്ലീം ജമാഅത്ത് കൗൺസിലും സെപ്റ്റംബർ 28ന് അവധി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദൃശ്യമായത് പ്രകാരം സംസ്ഥാനത്ത് നബിദിനം സെപ്റ്റംബർ 28ന് ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും നേരത്തെ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു. അതേ സമയം ദഫ് മുട്ട് ഉൾപ്പെടെയുള്ള കാലാസാംസ്കാരിക പരിപാടികളോടെ നബി ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മഹല്ലു കമ്മിറ്റികൾ. ആഴ്ചകളായി തുടരുന്ന പരിശീലനം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. നബിദിനത്തിന്‍റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും.