കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 
KERALA

സിറോ മലബാര്‍ സഭ ഭൂമി ഇടപാട്: കര്‍ദിനാളിന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

വെബ് ഡെസ്ക്

സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഭൂമിയിടപാടില്‍ കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന സത്യവാങ്മൂലമായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ആലഞ്ചേരിക്ക് ക്ലിന്‍ ചിറ്റ് നല്‍കിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലായിരുന്നു സര്‍ക്കാരിന്റെ മറുപടി.

സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ ഭൂമി വില്‍പ്പന നടത്തിയതില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. വിപണി വിലയുടെ മൂന്നിലൊന്ന് തുകയ്ക്ക് നടത്തിയ ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നു. വിഷയം പഠിക്കാന്‍ ഫാദര്‍ ബെന്നി മേനാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയെ രൂപത നിയോഗിച്ചു. കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് പാസ്റ്ററല്‍ കൗണ്‍സിലില്‍ യോഗത്തില്‍ വച്ചതോടെയാണ് സംഭവം വിവാദമായത്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചാണ് പരാതി അന്വേഷിച്ചത്. കാനന്‍ നിയമങ്ങളുടെ ലംഘനമില്ലെന്നും സഭാ സമിതികളുടെ അറിവോടെയായിരുന്നു ആലഞ്ചേരിയുടെ ഇടപാടുകളെന്നുമാണ് പോലീസ് കണ്ടെത്തല്‍. സഭയുടെ ഖജനാവിന് നഷ്ടം വരുത്താന്‍ ആലഞ്ചേരി ബോധപൂര്‍വമായി ശ്രമിച്ചെന്ന് കരുതാനാകില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഭൂമിയിടപാടില്‍ കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമായി മാത്രമേ കാണാനാകൂയെന്നാണ് കെസിബിസി മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട് പറഞ്ഞിരുന്നത്. പിഴ അടയ്ക്കണമെന്ന് വത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അനധികൃത പണമിടപാടിന് ഇഡിയും നികുതി വെട്ടിപ്പിന് ആദായനികുതിവകുപ്പും കേസ് എടുത്തിരുന്നു. ഒരു ക്രമക്കേടും നടന്നിട്ടില്ലെങ്കില്‍ ഈ നടപടികള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ, പൊലീസ് അന്വേഷണവും സര്‍ക്കാരിന്റെ സത്യവാങ്മൂലവും തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി