സര്‍വകലാശാലകളില്‍ ചാന്‍സലറായ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കി. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പാസാക്കിയത്. ഭേദഗതിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. ആർഎസ്എസിന്റെ കാവിവത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ്‍വത്കരണവും അപകടമെന്ന് പ്രതിപക്ഷം സഭയില്‍ പറഞ്ഞു. പാവകളെ വി സിമാരാക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സെർച്ച് കമ്മറ്റിയിൽ ഉണ്ടാകില്ലെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി
വിസി നിയമനത്തിലുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി കൊണ്ട് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. തുടര്‍ന്ന്, പുതുതായി സെര്‍ച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ കൺവീനർ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിരുന്നു. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചായിരിക്കും നിയമനം.
അതേസമയം, സബ്ജക്ട് കമ്മിറ്റിയില്‍ ഉള്‍പ്പെടെ വിയോജിപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷം ഇന്ന് സഭയിലും പ്രതിഷേധം ആവര്‍ത്തിച്ചേക്കും. എന്നാല്‍ ഭൂരിപക്ഷ സര്‍ക്കാരിന് അതിനെ മറികടന്ന് ബില്‍ പാസാക്കാന്‍ സാധിക്കും. എന്നാല്‍ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്ന കാര്യത്തിലാണ് സംശയം നിലനില്‍ക്കുന്നത്. ബില്ലില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബില്‍ നിയമമാകണമെങ്കില്‍ താന്‍ തന്നെ ഒപ്പിടണം. ഭരണഘടനാ വിരുദ്ധമായ ബില്ലുകളില്‍ ഒപ്പിടില്ല. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണെന്നുമായിരുന്നു ബില്ലിനെക്കുറിച്ച് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നത്.
ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് റദ്ദായ ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. 11 ഓര്‍ഡിനന്‍സുകളാണ് ഈ സമ്മേളനത്തില്‍ ബില്ലുകളായി വന്നത്. ഇതിന് പുറമെ സർവകലാശാല നിയമഭേദഗതി ബില്ലും സഭ പാസാക്കി.