സിവിക് ചന്ദ്രന്‍ 
KERALA

'പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗികാതിക്രമം'; സിവിക്ക് ചന്ദ്രനെതിരായ ആദ്യ കേസിലെ കോടതിവിധിയും വിവാദത്തില്‍

പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്ന് കോടതി വിധി

വെബ് ഡെസ്ക്

ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ ഉത്തരവ് ആദ്യമല്ല. എഴുത്തുകാരൻ സിവിക്ക് ചന്ദ്രനെതിരായ ആദ്യ ലൈംഗിക പീഡനക്കേസില്‍ പുറപ്പെടുവിച്ച ഉത്തരവിലും വിവാദ പരാമര്‍ശമുണ്ട്. 'പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗികാതിക്രമം നടന്നത്, അതുകൊണ്ട് പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ല' എന്നായിരുന്നു മുന്‍കൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി.

ഒരേ സ്വഭാവമുള്ള രണ്ട് കേസുകളാണ് സിവിക്ക് ചന്ദ്രനെതിരെ കോഴിക്കോട് സെഷന്‍സ് കോടതി പരിഗണിച്ചത്. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ, ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് അധ്യാപികയായ ദളിത് യുവതി നല്‍കിയ ഹർജിയായിരുന്നു ആദ്യത്തേത്. അതില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിവാദ പരാമര്‍ശങ്ങള്‍. 'സിവിക്ക് ചന്ദ്രന്‍ ജാതിരഹിത സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളാണ്. എസ്എസ്എല്‍സി ബുക്കിലടക്കം ജാതി രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട്, പരാതിക്കാരി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് അറിഞ്ഞുകൊണ്ട് ആരോപണവിധേയന്‍ ലൈംഗികാതിക്രമം നടത്തുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല' -എന്നായിരുന്നു കോടതി നിരീക്ഷണം.

കോടതി വിധിയുടെ പകർപ്പ്

സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷമാണ് പരാതി നല്‍കിയത്. ഇതിന് കൃത്യമായ കാരണം ബോധിപ്പിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല. ആരോപണവിധേയനെ സമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാതി. '74 വയസായ, ഊന്നുവടിയുടെ സഹായത്താല്‍ നടക്കുന്ന സിവിക്ക് ചന്ദ്രന്‍ ആരോഗ്യവതിയായ പരാതിക്കാരിയെ ആക്രമിച്ചുവെന്നത് വിശ്വസനീയമല്ല. പരാതിക്കാരിക്ക് സിവിക്ക് ചന്ദ്രനേക്കാള്‍ ഉയരമുണ്ടെന്നതിനാല്‍ പരാതിയില്‍ പറയുന്നത് പ്രകാരമുള്ള ലൈംഗികാതിക്രമം നടത്താന്‍ കഴിയില്ല. പരാതിക്കാരിയുടെ സമ്മതമില്ലാതെ ഈ വിധം നടക്കില്ലെന്നുമുള്ള വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ചായിരുന്നു കോടതി വിധി.

രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വിധമുള്ള പരാമർശമാണ് ബുധനാഴ്ച കോടതി നടത്തിയത്. ലൈംഗികാകർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നാണ് ഈ കേസില്‍ സിവിക്ക് ചന്ദ്രന് മുന്‍കൂർ ജാമ്യം അനുവദിച്ച് കോടതി വിധിച്ചത്. ജാമ്യാപേക്ഷയ്ക്കൊപ്പം കുറ്റാരോപിതന്‍ സമർപ്പിച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുവെന്നാണെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് ഇന്നലത്തെ വിധി. 2020 കോഴിക്കോട് ജില്ലയിലെ നന്ദിയില്‍ നടന്ന ക്യാമ്പിനിടെ കുറ്റാരോപിതന്‍ പരാതിക്കാരിയെ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഹർജിയിലായിരുന്നു വിധി. കൊയിലാണ്ടി പോലീസ് 354 എ(2), 341, 354 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതേസമയം, ലൈംഗികാകർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്ന കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത. കോടതി വിധിയെ ദേശീയ വനിതാ കമ്മീഷന്‍ അപലപിച്ചു. കണ്ടെത്തലുകള്‍ നിർഭാഗ്യകരമാണെന്നും വിധിയുടെ ദൂരവ്യാപക ഫലം കോടതി കണ്ടില്ലെന്ന് നടിച്ചെന്നും അധ്യക്ഷ രേഖ ശർമ പറഞ്ഞു. കോടതി പരാമർശം ഞെട്ടിക്കുന്നതാണെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം പരാമർശങ്ങള്‍ നടത്തുന്ന കോടതിയില്‍ നിന്ന് എങ്ങനെ നീതി പ്രതീക്ഷിക്കാനാകും. മേല്‍ക്കോടതി നടപടിയെടുക്കണമെന്നും പരാമർശം നീക്കം ചെയ്ത് അതിജീവിതകള്‍ക്ക് കോടതികളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്