കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴിമാറ്റാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസില്‍ അറസ്റ്റിലായ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ എം എം ശശീന്ദ്രനെ തുടര്‍ നിയമ നടപടികളില്‍ നിന്ന് രക്ഷിക്കാനായാണ് സഹപ്രവര്‍ത്തകരില്‍ ചിലര്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്. ഈ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് ഉപരോധിച്ചു.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അവിടെ വച്ചാണ് പ്രതിയുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് യുവതി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കി. യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് രൂപീകരിച്ച സമിതിക്ക് സൂപ്രണ്ട് വസ്തുതാ റിപ്പോര്‍ട്ട് നല്‍കി.
ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണുണ്ടായിട്ടുള്ളതെന്നും ഇതിന്റെ ഭവിഷ്യത്തുകള്‍ക്ക് അതത് ജീവനക്കാര്‍ മാത്രമായിരിക്കും ഉത്തരവാദികളെന്നും സൂപ്രണ്ട് പുറപ്പെടുവിച്ച മുന്നറിയിപ്പ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് മുറിയുടെ പുറത്ത് വനിതാ സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. യുവതിക്ക് എല്ലാ ചികിത്സയും സൗജന്യമായി നല്‍കണമെന്നും ദൈനംദിന ആരോഗ്യനില സൂപ്രണ്ടിന് റിപ്പോര്‍ട്ടുചെയ്യണമെന്നും സര്‍ജറി വകുപ്പുമേധാവിക്ക് നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ വകുപ്പുമേധാവികള്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ഇക്കാര്യങ്ങള്‍ സംബന്ധിച്ച് രേഖാമൂലം സൂപ്രണ്ട് വിവരങ്ങള്‍ കൈമാറുകയും ചെയ്തു.
നഴ്‌സിങ് അസിസ്റ്റന്റ് അടക്കമുളളവർ മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ പരാതി. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സി ആര്‍ പി സി-164 പ്രകാരം മജിസ്‌ട്രേറ്റിനും പോലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നു പറയണമെന്നുമാണ് നിർബന്ധിച്ചെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇക്കാര്യമാവശ്യപ്പെട്ട് ഇവര്‍ ബുധനാഴ്ച പലവട്ടം സമീപിച്ചെന്ന് യുവതി പരാതിയുന്നയിക്കുന്നു. മാനസിക വിഷമമുണ്ടാക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റമെന്നും പരാതിയിലുണ്ട്. അതേസമയം അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സജിത്ത് കുമാര്‍ ഉറപ്പു നൽകി. പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വൈസ് പ്രിൻസിപ്പൽ ഉറപ്പ് നൽകിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐ സി യു വില്‍ മയക്കത്തില്‍ കിടക്കുമ്പോള്‍ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്.