അരുണാചല്‍പ്രദേശില്‍ മലയാളികളെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വാര്‍ത്ത തിരുവന്തപുരം നഗരത്തിലെ നിവാസികള്‍ ഞെട്ടിത്തരിച്ചാണ് കേട്ടത്. അരുണാചലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ രണ്ടു യുവതികള്‍ തിരുവനന്തപുരം സ്വദേശിനികളാണ്. ദമ്പതികളായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രക്കുഴി എംഎംആര്‍എ സിഎര്‍എ കാവില്‍ ദേവി (41), വട്ടിയൂര്‍ക്കാവ് മേലത്തുമേഖല എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29) എന്നിവരാണ് മരിച്ചത്.
ഈ വാര്‍ത്ത കേട്ടപ്പോള്‍, തിരുവനന്തപുരത്തുകാരുടെ ഓര്‍മ്മകള്‍ ഏഴുവര്‍ഷം പിന്നോട്ടു സഞ്ചരിച്ചിട്ടുണ്ടാകണം. 2017 ഏപ്രിലിലാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേട്ടത്. തിരുവനന്തപുരം നന്തന്‍കോട് ഒരുകുടുംബത്തിലെ നാലുപേരെ പൈശാചികമായ രീതിയില്‍ കൊലപ്പെടുത്തി. ആ കേസിലെ പ്രതിയുടെ പേര് കേരളം ഒരിക്കലും മറക്കാന്‍ സാധ്യതയില്ല, കേഡല്‍ ജിന്‍സണ്‍ രാജ. മലയാളി മനസ്സുകളില്‍ ഭീതിപരത്തിയ കേഡല്‍ നിലവില്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ്.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന് കേരളം കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ഈ കേസിലൂടെയാണ്. 2017 ഏപ്രില്‍ 9-നാണ് ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ ആ പൈശാചിക കൃത്യം നടന്നത്. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ടപ്പോള്‍ വീടിന് തീപിടിച്ചു എന്നാണ് നാട്ടുകാര്‍ കരുതിയത്.
വീടു പൊളിച്ചു അകത്തുകടന്ന പോലീസ് ഞെട്ടി. കത്തിക്കരിഞ്ഞ അവസ്ഥയില്‍ മൂന്നു മൃതദേഹങ്ങള്‍. അതിനരികില്‍ ടാര്‍പ്പോളിനും ബെഡ്ഷീറ്റും കൊണ്ട് മൂടിക്കെട്ടിയ നിലയില്‍ പുഴുവരിച്ച നിലയില്‍ മറ്റൊരു മൃതദേഹം. അടുത്ത് പകുതി കത്തിയ നിലയില്‍ ഒരു ഡമ്മി.
പ്രൊഫസര്‍ രാജാ തങ്കം, ഭാര്യ ഡോക്ടര്‍ ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. രാജാ തങ്കത്തിന്റെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ കാണാനില്ല. ഇത് പോലീസില്‍ സംശയം ജനിപ്പിച്ചു. കേരളം അരിച്ചുപെറുക്കി പോലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നാംപക്കം കേഡല്‍ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടിയിലായി. ചെന്നൈയിലെ ഒളിവ് വാസത്തിന് ശേഷം നാട്ടിലേക്ക് വന്ന കേഡലിനെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിലാണ് ആ ഞെട്ടിക്കുന്ന കഥകള്‍ പുറത്തുവന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്റെ ഞെട്ടിക്കുന്ന കഥകള്‍ കേട്ട് കേരളം തരിച്ചിരുന്നു. ആത്മാക്കള്‍ പരലോകത്തേക്ക് പറക്കുന്നത് കാണാന്‍ വേണ്ടിയായിരുന്നു സ്വന്തം കുടുംബത്തോട് ആരും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള ക്രൂരത ചെയ്തതെന്ന് കേഡല്‍ പോലീസിനോട് വെളിപ്പടുത്തി.
വിദേശത്ത് നിന്ന് ആഭിചാര പ്രക്രിയകളില്‍ ആകൃഷ്ടനായ താന്‍ 15 വര്‍ഷത്തോളമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുകയായിരന്നു എന്നും വീട്ടുകാരെ കൊലപ്പെടുത്താനായി മഴു അടക്കമുള്ളവ ഓണ്‍ലൈന്‍ വഴി വാങ്ങിയെന്നും കേഡല്‍ വ്യക്തമാക്കി. കുടുംബത്തിലെ ഓരോരുത്തരേയും വീടിന്റെ മുകള്‍ നിലയിലേക്ക് കൊണ്ടുപോയാണ് കൊലപാതകം നടത്തിയത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവില്‍ കഴിഞ്ഞിരുന്ന കേഡലിനെ, കടുത്ത മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വിചാരണക്ക് പറ്റിയ ശാരീരിക സ്ഥിതി അല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനാല്‍, വിചാരണ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
ഉയര്‍ന്ന ജീവിത സാഹചര്യങ്ങളിലുള്ളവരായിരുന്നു കേഡലിന്റെ കുടുബം. അച്ഛന്‍ രാജ തങ്കം മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജിലെ പ്രഫസര്‍ ആയിരുന്നു. അമ്മ ഡോ.ജീന്‍പത്മ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്നു സ്വയം വിരമിച്ചു. അതിനുശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലി ചെയ്തു. മകള്‍ കരോളിന്‍ ചൈനയില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടിലെത്തിയത് സംഭവം നടക്കുന്നതിനു മൂന്നു മാസം മുന്‍പാണ്.
കേഡല്‍ ജിന്‍സണ്‍ ഓസ്‌ട്രേലിയയില്‍നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിച്ചയാളാണ്. ചോദ്യം ചെയ്യലിനിടെ പ്രതി അടിക്കടി മൊഴി മാറ്റിയത് ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷന്റെ കാര്യം പറഞ്ഞ ഇയാള്‍ പിന്നീട് വീട്ടുകാരുടെ തന്നോടുള്ള അവഗണനയും നിരാശയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിശദീകരിച്ചത്.
അരുണാചല്‍ പ്രദേശില്‍ കൊല്ലപ്പെട്ട മൂന്നു മലയാളികളുടെ കാര്യത്തിലും ആദ്യ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ദുര്‍മന്ത്രവാദത്തിലേക്കാണ്. മൂവരുടേയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നവീനാണ് രണ്ടു യുവതികളുടേയും ശരീരത്തില്‍ മുറിവുകള്‍ വരുത്തിയത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
ഭാര്യയെയും സുഹൃത്തായ ആര്യയെയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീനാണെന്നാണ് സൂചന. മരണശേഷം പരലോകത്ത് ജീവിക്കാമെന്ന് നവീന്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ആര്യക്ക് നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതാണ്, കൂട്ട മരണത്തിലേക്ക് നയിച്ചത് ദുര്‍മന്ത്രവാദമാണെന്ന സംശയം ഉയരാന്‍ കാരണമായത്.
അടുത്തമാസം ഏഴിന് ആര്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ആര്യയും ദേവിയും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. ആര്യയുടെ വിവാഹം ഉറപ്പിച്ചതിനുപിന്നാലെയാണ് ഇവര്‍ മരിക്കാന്‍ തീരുമാനിച്ചതെന്ന ആരോപണവുമുണ്ട്. ആര്യയെ കഴിഞ്ഞമാസം 27 മുതല്‍ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. '' സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നു'' എന്ന കുറിപ്പ് മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ആരും പോകാത്ത വിദൂരസ്ഥലങ്ങളെക്കുറിച്ച് സ്വപ്നത്തില്‍ കാണാറുണ്ടെന്നും ഇവിടേക്ക് പോകാറുണ്ടെന്നും ഇവര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പൊതുവേ, സമൂഹത്തോട് ഇടപഴകാതെ മാറി നിന്നിരുന്ന ഇവര്‍ക്ക്, ചുരുക്കം ചില സുഹൃത്തക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആര്യയും ദേവിയും ചില വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ട്യൂഷന്‍ എടുത്തിരുന്നു. കുറച്ചുദിവസത്തേക്ക് ട്യൂഷനില്ലെന്നും അടുത്ത ട്യൂഷന്‍ സമയം അറിയിക്കാമെന്നും ഇവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അരുണാചലിലേക്ക് പോയത്.
ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് ആര്യ. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്ന് 100 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലിലാണ് മുറിയെടുത്തത്. കുടുംബമാണെന്നും ആര്യ മകള്‍ ആണെന്നും പറഞ്ഞാണ് ഇവര്‍ മുറിയെടുത്തത്.
കഴിഞ്ഞദിവസങ്ങളില്‍ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചു ചെല്ലുകയായിരുന്നു. മുറിയില്‍ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയില്‍ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മൂവരുടെയും മരണം. പശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്സ് റിട്ട. ഉദ്യോഗസ്ഥന്‍ അനില്‍കുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.