തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികളായ പ്രഭുകുമാര്‍, കെ സുരേഷ് കുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. പ്രതികള്‍ അരലക്ഷം രൂപ വീതം പിഴയും നല്‍കണം. പിഴത്തുക കൊല്ലപ്പെട്ട അനീഷിന്‌റെ ഭാര്യ ഹരിതയ്ക്കു നല്‍കണമെന്നും പാലക്കാട് അഡിഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) വിധിച്ചു. അനീഷിന്‌റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാര്‍. സുരേഷ്‌കുമാര്‍ അമ്മാവനും.
ഇതരജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് വിവാഹംകഴിഞ്ഞ് 88-ാം ദിവസം പാലക്കാട് ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു കൊലപാതകം.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അനീഷിന്‌റെ കുടുംബാംഗങ്ങല്‍ക്കു ധനസഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‌റെ വാദം.
വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ പോകുമെന്നും ഹരിത പ്രതികരിച്ചു. വധശിക്ഷ നല്‍കണമെന്ന് അനീഷിന്‌റെ അച്ഛന്‍ പറഞ്ഞു. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചിരുന്നത്. തനിക്കെതിരെയും വീട്ടില്‍നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഹരിത പറഞ്ഞു.
മകള്‍ ഹരിത ഇതരജാതിയില്‍പ്പെട്ട ആളിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിലാണ് പ്രഭുകുമാറും സുരേഷ്കുമാറും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ താലിയറുക്കുമെന്ന് പ്രഭുകുമാര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തിനു മുന്‍പ് പലപ്പോഴും അനീഷിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമുണ്ടായിട്ടുണ്ട്.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന സി സുന്ദരനാണ് കേസ് അന്വേഷിച്ചത്. ദുരഭിമാനക്കൊലയാണെന്ന് വ്യക്തമാക്കി 2024 മാര്‍ച്ചില്‍ ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി ജോണ്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.