പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ നാല് പ്രശ്‌നബാധിത ബൂത്തുകള്‍. പാമ്പാടി പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള വെള്ളൂര്‍ സെന്‍ട്രല്‍ എല്‍എപിഎസ് സ്‌കൂളിലെ 91, 92, 93, 94 നമ്പര്‍ ബൂത്തുകളാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.
ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരിക്ക് ഒപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ജില്ലാ പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ഈ നാലുബൂത്തുകളിലും സാധാരണ സുരക്ഷയ്ക്ക് പുറമേ അധികമായി ഒരു സിവില്‍ പോലീസ് ഓഫീസറെ കൂടി നിയമിക്കും. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
അതേസമയം, നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ സെപ്റ്റംബര്‍ മൂന്ന് വൈകിട്ട് ആറ് മണിമുതല്‍ സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് ആറുമണിവരെ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാകളക്ടര്‍ ഉത്തരവിറക്കി. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നത് വിലക്കിക്കൊണ്ടാണ് ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ ഏഴിന് സ്വീകരണ-വിതരണകേന്ദ്രമായ കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരെ സ്‌ട്രോങ് റൂം പ്രവര്‍ത്തിക്കുന്ന ബസേലിയസ് കോളജില്‍ നിന്ന് പോളിങ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി 27 ബസുകളും 14 ട്രാവലറുകളും ഉള്‍പ്പെടെ 54 വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്
വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് ആകെ നിയോഗിച്ചിട്ടുള്ളത്. 182 പ്രിസൈഡിങ് ഓഫീസര്‍, 182 ഫസ്റ്റ് പോളിങ് ഓഫീസര്‍, 182 സെക്കന്‍ഡ് പോളിങ് ഓഫീസര്‍, 182 തേഡ് പോളിങ് ഓഫീസര്‍ എന്നിങ്ങനെയാണ് പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 144 ഉദ്യോഗസ്ഥരെ റിസര്‍വ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ചുപേരായിരിക്കും ഒരു പോളിങ് സംഘത്തിലുണ്ടാവുക.
16 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികള്‍ കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം വീക്ഷിക്കാന്‍ കഴിയും.
വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.
വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ആകെ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുൻപ് മുതല്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി ആയിരിക്കും. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിന് സെപ്റ്റംബര്‍ നാലു മുതല്‍ എട്ടുവരെയും അവധിയാണുള്ളത്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുൻപ് മുതല്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് ആറു മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിനമായ സെപ്റ്റംബര്‍ എട്ടിനും ഡ്രൈഡേ പ്രഖ്യാപിച്ചിട്ടുണ്ട്.