KERALA

'പ്രസിഡന്റിന് കോലാഹലത്തിന് താല്‍പ്പര്യമില്ല' അമ്മയിലെ കൂട്ടരാജിയിലും ഭിന്നത; വെളിപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നുണ്ടായ കൂട്ടരാജിയിലും ഭിന്നതയുണ്ടായതായി റിപ്പോർട്ട്. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭാഗമായ ചില താരങ്ങൾ രാജിക്ക് തയാറായിരുന്നില്ലെന്നും ധാർമ്മീകത മുൻനിർത്തിയായിരുന്നു തീരുമാനവുമെന്നാണ് നടി അനന്യ വ്യക്തമാക്കിയത്. വ്യക്തിപരമായി രാജിക്ക് തയാറായിരുന്നില്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംകൂടിയായ അനന്യ കൂട്ടിച്ചേർത്തു. പ്രസിഡന്റ് മോഹൻലാലിന്റെ തീരുമാനത്തിനോട് സംഘടനയുടെ ഭാവിയെ മുൻനിർത്തി അനുകൂലിക്കുകയായിരുന്നെന്നും അനന്യ വെളിപ്പെടുത്തി.

സമാന വെളിപ്പെടുത്തല്‍ മറ്റൊരു എക്സിക്യൂട്ടീവ് അംഗം സരയുവും നടത്തി. കമ്മിറ്റിയില്‍ ഇതുവരെ രാജി സമർപ്പിച്ചിട്ടില്ലെന്നും യോഗത്തിലും സമാന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും സരയു വ്യക്തമാക്കി. ഇത്തരം കോലാഹലങ്ങളില്‍ ഇടപെടാൻ താല്‍പ്പര്യമില്ലാത്ത വ്യക്തിയാണ് മോഹൻലാല്‍, അതായിരിക്കാം അദ്ദേഹത്തെ രാജിക്ക് പ്രേരിപ്പിച്ചത്. ഇനിയൊരിക്കലും തങ്ങളോടൊപ്പം സഹകരിക്കില്ല എന്ന രീതിയിലായിരുന്നില്ല മോഹൻലാലിന്റെ പ്രതികരണമെന്നും സരയു പറഞ്ഞു.

അതേസമയം, യുവനടി നൽകിയ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി നടി പരാതി നൽകിയത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ കൈമാറും.

തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന പേരിൽ സിദ്ദിഖും പരാതി നൽകിയിട്ടുണ്ട്. പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ആരോപണം. ഇതിൽ അന്വേഷണം നടത്തണണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവനടിയുടെ ആരോപണം ഉണ്ടായതിന് പിന്നാലെ സിനിമ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

ഇന്നലെയായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ ഉൾപ്പെടെ അമ്മ ഭരണസമിതിയുടെ 17 അംഗങ്ങളും രാജിവെച്ചത്. അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ഭരണസമിതി പൂര്‍ണമായി പിരിച്ചുവിട്ടത്.

പുതിയ ഭരണസമിതി നിലവിൽവരുന്നതുവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വരും. പുതിയ ഭരണസമിതിയെ ജനറല്‍ ബോഡിയോഗത്തിനുശേഷം തീരുമാനിക്കും. അടുത്ത തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനകം നടത്തണമെന്നാണ് താരസംഘടനയുടെ ഭരണഘടനയിലെ വ്യവസ്ഥ. ഇത് പ്രകാരമായിരിക്കും നടപടി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്