വടക്കേ മലബാറില്‍ ഇന്ന് മേളക്കൊഴുപ്പിന് കൊടിയേറുകയാണ്. ഒരു ദേശത്തിന്റെയാകെ വിശ്വാസം താളത്തിനൊപ്പം ചുവടുകളിലേക്ക് പടരുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. വീരാളിപ്പട്ടുടുത്ത് ചായില്യമെഴുതി ആടയാഭരണമണിഞ്ഞ് എഴുന്നള്ളുന്ന തെയ്യക്കോലങ്ങള്‍ അവിടെ അരങ്ങുവാഴും. രാവുകളും പകലുകളും അന്തിച്ചുവപ്പിന്റെ നിറമണിഞ്ഞ് കോട്ടങ്ങളിലും കാവുകളിലും മടപ്പുരകളിലും ആടിത്തിമിര്‍ക്കും.
തുലാമാസത്തിലെ പത്താമുദയത്തില്‍ പുത്തരി വെള്ളാട്ടത്തോടെ ആരംഭിക്കുന്ന തെയ്യക്കാലം ഇടവപ്പാതി വരെ നീണ്ടു നില്‍ക്കുന്നു. മനുഷ്യന്‍ ദേവതാരൂപം ധരിച്ച് വ്രതാനുഷ്ഠാനങ്ങളോടെ കെട്ടിയാടുന്ന കോലങ്ങളെ പ്രീതിപ്പെടുത്താന്‍ ഗ്രാമങ്ങള്‍ ഒരുപോലെ ഒരുങ്ങും. ചെറു തെയ്യങ്ങള്‍ മുതല്‍ 'ഒന്നൂറ് നാല്പത് ' ( നാല്പതില്‍ ഒന്ന് കുറവ് -39) തെയ്യങ്ങള്‍ വരെ കെട്ടിയാടുന്ന ദേശങ്ങള്‍ ഉണ്ട്.
തെയ്യം കലാകാരന്‍ കഠിനമായ വ്രതങ്ങള്‍ നോറ്റാണ് കോലധാരിയാകാന്‍ ഒരുങ്ങുന്നത്. അരങ്ങിലെത്തും മുമ്പേ തെയ്യത്തിന്റെ ചടങ്ങുകളും തുടങ്ങും. മുഖത്തെഴുത്തും വച്ചുകെട്ടലുകളും ചെമ്പട്ടും ചിലമ്പുമണിഞ്ഞ് കോലധാരി കാവുകളിലെ പള്ളിയറയ്ക്ക് മുന്നിലെത്തും. രൗദ്ര ലാസ്യ നര്‍മ രൂപത്തില്‍ വ്യത്യസ്തമായിരിക്കും മുഖത്തെഴുത്ത്. വരവിളി തോറ്റം പാട്ടുകളിലൂടെ മക്കള്‍ക്ക് മുന്നിലെത്തിയാല്‍ കോലധാരി ദൈവമാവും. ചെണ്ട, ചേങ്ങില, കുഴല്‍ എന്നിങ്ങനെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ തെയ്യം താളം ചവിട്ടി തുടങ്ങും. ഉയര്‍ന്നു പൊങ്ങുന്ന താളങ്ങള്‍ക്കനുസരിച്ച് നടനവും ഭാവവും മാറും. മൃദുവാകും, ചടുലമാകും ചിലപ്പോള്‍ ഉറഞ്ഞു തുള്ളും.
വരമൊഴിയിലൂടെയും വാമൊഴിയിലൂടെയും സ്വരുക്കൂട്ടി വച്ച തോറ്റം പാട്ടുകളിലൂടെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ചരിത്രവും മിത്തുകളും പാടി അരുളപ്പാട് നല്‍കുന്നു മൂര്‍ത്തികള്‍. ഉറഞ്ഞു തുള്ളുന്ന ഉഗ്രമൂര്‍ത്തികളും മാതൃഭാവം തുളുമ്പുന്ന അമ്മ ദൈവങ്ങളും തമാശകാട്ടി തീയിലേക്ക് ഓടിക്കയറുന്ന പൊട്ടന്‍ തെയ്യവും തുടങ്ങി ഭയപ്പെടുത്തിയും വശപ്പെടുത്തിയും ചിരിപ്പിച്ചും കളിയാടുന്ന കോലങ്ങള്‍.
വിശ്വാസം എന്നതിലുമുപരി ഒരു കല കൂടിയാണ് തെയ്യം. വരയിലൂടെ മനുഷ്യനെ ദൈവക്കോലങ്ങളാക്കുന്ന കലാകാരന്മാര്‍, താളത്തിമിര്‍പ്പിലൂടെ ദേശത്തെ ആകെ ഒരു മുറ്റത്തെത്തിക്കുന്ന വാദ്യക്കാര്‍, തോറ്റംപാട്ടുകള്‍, നൃത്തച്ചുവടുകള്‍. പലവിധ കലകളുടെ സംഘമഭൂമിയാവും കാവുകളും കോട്ടങ്ങളും. മനുഷ്യരെത്ര മാറിയാലും തെയ്യക്കാലം ആവുമ്പോള്‍ പഴമയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് കാണാം. അവിടവിടെയായി തെളിയിച്ച വെളിച്ചത്തിന്റെ ഇടയിലൂടെ ഒരുപാട് മനുഷ്യര്‍.
എല്ലാവരും ആ ദേശക്കാര്‍ മാത്രമാവില്ല ചെണ്ടകൊട്ടുന്നിടത്തേക്ക് പാഞ്ഞെത്തുന്ന തെയ്യഭ്രാന്തന്മാരും, ആ നാട്ടിലുള്ളവരുടെ ബന്ധുമിത്രാദികളും, സമീപദേശക്കാരും ഒക്കെ ആ തെയ്യപ്പറമ്പില്‍ ചുറ്റിയടിക്കും. ചെറിയ ചെറിയ ചന്തകളും, ബലൂണും, കോലൈസും, ബോര്‍ഡ് വരയും, പകിടകളിയും ഒക്കെക്കൊണ്ട് കോലാഹലം തന്നെ.
ആണും പെണ്ണുമില്ലാതെ, പ്രായവ്യത്യാസമില്ലാതെ, ജാതിമത ഭേദമില്ലാതെ ഏവരും ഒന്നായിചേരുന്ന ഇടമാണ് ഓരോ തെയ്യപ്പറമ്പുകളും. മേളക്കൊഴുപ്പിനൊപ്പം അലിഞ്ഞൊന്നായി തീരുന്ന ഒരു ജനത. എത്രയൊക്കെ മാറിയാലും ഏത് പാതിരാത്രിയിലും, തണുപ്പിലും തെയ്യം കാണാനിരിക്കുന്ന ഒരു നാടിന് മുഴുവന്‍ ഇനി 'ഗുണം വരട്ടെ'..