ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കേസില്‍ പോലീസ് തുടരന്വേഷണത്തിനാണോ പുനഃരന്വേഷണത്തിനാണോ മുതിരുക? ഇക്കാര്യത്തില്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും. ഇന്നലെ തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടെങ്കിലും ഇന്ന് ഇക്കാര്യത്തില്‍ ചില നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സതീശന്റെ മൊഴിയില്‍ ഗൗരവമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി പുനഃരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്
ഒരുതവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വീണ്ടും തുടരന്വേഷണം നടത്താനാകുമോയെന്ന നിയമപ്രശ്‌നമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണമോ അതേ കേസ് വീണ്ടും പുനരന്വേഷിക്കുകയാണോ വേണ്ടത് എന്നത് സംബന്ധിച്ചാണ് തീരുമാനമെടുക്കേണ്ടത്. കേസ് വീണ്ടും അന്വേഷിക്കണമെങ്കില്‍ കാതലായ എന്തെങ്കിലും കാരണം ഉണ്ടായിരിക്കണം. ഈ സാഹചര്യത്തില്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്.
അതിനിടെ, തിരൂര്‍ സതീശുമായി ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. തീരൂര്‍ സതീശ് ശോഭാ സുരേന്ദ്രന്റെ മുന്‍ ഡ്രൈവറാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആരോപണം പ്രതിരോധിക്കാന്‍ ബിജെപിയും ശ്രമങ്ങള്‍ തുടരുകയാണ്. വിഷയത്തില്‍ മറുപടിയുമായി ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളെ കണ്ടേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഡിജിപിയുടെ നിര്‍ദേശപ്രകാരം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാജുവാണ് ഇന്ന് സതീശന്റെ മൊഴി രേഖപ്പെടുത്തുന്നത്. സതീശന്റെ മൊഴിയില്‍ ഗൗരവമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി പുനഃരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇന്നലെ പോലീസ് മേധാവിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുടരന്വേഷണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.
അതേസമയം, കൊടകരയിലെ കുഴല്‍പ്പണത്തിന്റെ ഉറവിടം കരുതപ്പെടുന്ന ബിജെപി നേതാവും കര്‍ണാടക എംഎല്‍സിയും ആയിരുന്ന ലഹര്‍ സിങ് സിരോയ ആണെന്നാണ് കേരളാ പോലീസിന്റെ റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നല്‍കിയ റിപ്പോര്‍ട്ടിലാണ് ലഹര്‍ സിങ്ങിന്റെ പേരുള്ളത്.
ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ളതാണ് പണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലഹര്‍ സിങ്. 2010 മുതല്‍ 2022 വരെ എംഎല്‍സിയായിരുന്നു ലഹര്‍ സിങ്.
അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന ഭീതിയിലാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല. ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.