KERALA

നിയമന വിവാദത്തില്‍ നിന്ന് തടിയൂരാന്‍ സിപിഎം; നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മതിയെന്ന് മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്ക്

മേയർ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം മറികടക്കാൻ ഇടപെടലുമായി സിപിഎം. തിരുവനന്തപുരം നഗരസഭയിലെ 295 താത്കാലിക ഒഴിവുകളിലേക്കുള്ള നിയമനം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാക്കാന്‍ തദ്ദേശ വകുപ്പിന്റെ നിര്‍ദേശം. നഗരസഭയിലെ ഒഴിവുകളിലേക്ക് സിപിഎം അനുഭാവികളെ തേടി മേയര്‍ കത്തയച്ചത് വിവാദമായതോടെയാണ് പാർട്ടി നിർദേശപ്രകാരം തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇടപെട്ടത്. ഇതോടെ കോർപ്പറേഷന് ഇനി മുതല്‍ ആരെയും നേരിട്ട് നിയമിക്കാനാവില്ല.

അതിനിടെ ആര്യാ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. നഗരസഭയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയ മുഴുവന്‍ കരാര്‍ നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ വിജിലന്‍സിനും പരാതി നല്‍കി.

എന്നാൽ, വിവാദങ്ങളെ തള്ളി തിരുവനന്തപുരം നഗരസഭ രംഗത്തെത്തി. ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ലെന്ന് നഗരസഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. വ്യാജ പ്രചാരണങ്ങൾക്കെതിരെ നഗരസഭയും ഭരണ സമിതിയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുന്നു.

Press release -.pdf
Preview

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പുറത്തായതോടെയാണ് വിവാദമായത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. ഇതോടെ പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും ഇതിനെചൊല്ലി പ്രതിപക്ഷം രംഗത്തെത്തുകയുമായിരുന്നു

മേയറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ നഗരസഭയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച ഉള്‍പ്പെടെയുള്ള സംഘടകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ചിനിടെ ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിനെ യുവമോർച്ച, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. രാജുവിനെ ഓഫീസിലേയ്ക്ക് കയറാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വിവാദത്തില്‍ മേയറെ പിന്തുണച്ച ഡെപ്യൂട്ടി മേയര്‍, കത്ത് വ്യാജമാണെന്ന് പ്രതികരിച്ചു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്