തലസ്ഥാന നഗരത്തില്‍ ഒരു മനുഷ്യജീവന്‍ മാലിന്യക്കുഴിയില്‍ കുടുങ്ങി പത്ത് മണിക്കൂറുകള്‍ പിന്നിടുന്നു. ജോയി എന്ന തൊഴിലാളിയെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ത്തപ്പുകയാണ് സംസ്ഥാനത്തെ സംവിധാനങ്ങള്‍. ഇതിനിടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് കൈകഴുകാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരും നഗരസഭയും റെയില്‍വേയും. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മാരായമുട്ടം സ്വദേശിയായ ജോയിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള തോട്ടില്‍ കാണാതായത്. റെയില്‍വേ സ്റ്റേഷന് അടിവശത്തുകൂടി കടന്നുപോകുന്ന തുരങ്കസമാനമായ ഭാഗത്തുവച്ചാണ് ജോയി മാലിന്യങ്ങള്‍ക്കിടയില്‍ ഒഴുക്കില്‍പ്പെട്ടത്.
ജോയിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷവും ശുഭ സൂചനകളേതുമില്ലാതെ തുടരുകയാണ്. പകല്‍ 11.30ന് കാണാതായ ജോയിയെ മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തുകയെന്നത് പ്രയാസമേറിയ കാര്യമാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. തോട്ടില്‍ കുമിഞ്ഞ് കിടന്ന മാലിന്യങ്ങള്‍ മാറ്റിയാല്‍ മാത്രമേ ജോയിയെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ മാലിന്യങ്ങള്‍ എത്ര സമയത്തോടെ വൃത്തിയാക്കാന്‍ സാധിക്കുമെന്നതും സംശയമാണ്.
വെള്ളത്തിന്റെ അളവ് കുറവായത് കൊണ്ട് തന്നെ കിടന്നുകൊണ്ട് നീങ്ങാന്‍ പറ്റാവുന്ന ദൂരം മാത്രമേ സ്‌കൂബ സംഘങ്ങള്‍ക്ക് തിരച്ചില്‍ നടത്താന്‍ സാധിച്ചുള്ളൂ. തോടിന്റെ ആഴവും വെളിച്ച കുറവുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായത്. റെയില്‍ പാളത്തിനടിയിലെ തുരങ്കത്തിലൂടെ 30 മീറ്ററോളം അകത്തേക്ക് പോയത് ഏറെ ബുദ്ധിമുട്ടിയാണെന്ന് സ്‌കൂബ അംഗം പറയുന്നുണ്ട്. ടെക്‌നോപാര്‍ക്കിലെ ജെന്റോബോട്ടിക്‌സ് കമ്പനിയുടെ റോബോട്ടിനെ ഉപയോഗിച്ച് മാന്‍ഹോട്ട് വഴി പാലത്തിനടിയിലേക്ക് തിരച്ചില്‍ തുടരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെ, ഇപ്പോഴും പ്രാകൃത രീതിയിലാണ് ഇത്തരം ശുചീകരണ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതെന്ന വസ്തുതയെ ഗൗരവമായി തന്നെ നോക്കിക്കാണേണ്ടതുണ്ട്. അപകടമുണ്ടായ സ്ഥലം റെയില്‍വേയുടേതാണെന്നും ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെയോ തിരുവനന്തപുരം കോര്‍പ്പറേഷനെയോ അനുവദിക്കാറില്ലെന്നുമാണ് സംഭവസ്ഥലം സന്ദര്‍ശിക്കവേ മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. പ്രദേശത്ത് ശുചീകരണം നടത്താമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ റെയില്‍വേ സമ്മതിക്കാറില്ലെന്നും മാലിന്യം നീക്കാനുളള നടപടികളൊന്നും റെയില്‍വേ സ്വീകരിച്ചില്ലെന്നും മന്ത്രി ആരോപിച്ചു.
'ഇത്തവണ ശുചീകരണത്തിന് വേണ്ടി ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരായ തൊഴിലാളികളെയല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനവും കരാറുകാരന്‍ ഒരുക്കിയിട്ടില്ല എന്നാണ് അറിയുന്നത്. തോട്ടില്‍ ഒരാളെ കാണാതായിട്ടും റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലം സന്ദര്‍ശിക്കുകയോ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന്റെ ഒരു വിളിപ്പാടകലെ മാത്രമാണ് റെയില്‍വേ ഡിവിഷണല്‍ ഓഫീസ്' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇപ്പോഴുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് റെയില്‍വേയ്ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറയുന്നു. കഴിഞ്ഞ മാസം തോട് വൃത്തിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭ സതേണ്‍ റെയില്‍വേയ്ക്ക് കത്തയച്ചിരുന്നു. ഇത് പ്രകാരം നടത്തിയ ശുചീകരണമാണ് ദുരന്തത്തില്‍ കലാശിച്ചത്.
എന്നാല്‍ സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തിരുവനന്തപുരം നഗരസഭയ്ക്കാണെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രതികരണം. ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. ആധുനിക സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ ഇത്തരം അപകടകരമായ ജോലികളില്‍ മനുഷ്യരെ ഏര്‍പ്പെടുത്തരുതെന്നും തിരുവനന്തപുരം നഗരസഭ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചതിനാലാണ് ഈ ദുരന്തം സംഭവിച്ചതെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം. ആമയിഴഞ്ചാന്‍ തോട് യഥാസമയം വൃത്തിയാക്കേണ്ടത് നഗരസഭയുടെ കടമയാണെന്നും ദുരന്തമുണ്ടായപ്പോള്‍ റെയില്‍വേയെ കുറ്റപ്പെടുത്തി തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള നഗരസഭയുടെയും മേയറുടെയും നീക്കം അപലപനീയമാണെന്നും തരൂര്‍ പറയുന്നു.
''റെയില്‍വേയുടെ ഭാഗത്തു നിന്ന് നിസഹകരണം ഉണ്ടായിരുന്നെങ്കില്‍ അതു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെയും ജനപ്രതിനിധികളെയും അറിയിക്കണമായിരുന്നു. നഗരസഭാ പ്രവര്‍ത്തനം ഇത്രയധികം അവതാളത്തിലായ സമയം ഇതിനു മുമ്പുണ്ടായിട്ടില്ല. ശുചിത്വമില്ലായ്മ കാരണം കോളറ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. കാര്യക്ഷമതയില്ലാത്ത നഗരഭരണമാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പ്രധാന കാരണം,'' ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഭരണ-പ്രതിപക്ഷത്തുള്ള അധികാരികള്‍ പരസ്പരം കുറ്റപ്പെടുത്തുമ്പോഴും റെയില്‍വേ ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
മുന്നൊരുക്കങ്ങളില്ലാത്ത മാലിന്യം നീക്കം ചെയ്യുന്നതിലെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിന് അടിവശത്ത് ഏകദേശം ഇരുന്നൂറ് മീറ്ററോളം കടന്നുപോകുന്ന കനാലിലെ മാലിന്യം നീക്കുക എന്നത് ശ്രമകരമായ പ്രവര്‍ത്തിയാണെന്ന് മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ഗതിയില്‍ തുരങ്ക സമാനമായ ഈ ഭാഗത്തിന്റെ രണ്ട് ഭാഗങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം ശക്തമായി വെള്ളം കടത്തിവിട്ട് അകത്തെ മാലിന്യങ്ങള്‍ പുറത്തെത്തിക്കുന്നതാണ് പതിവ്. ഇത്തവണ ശുചീകണത്തിന് ഇറങ്ങിയ തൊഴിലാളികള്‍ക്ക് ഇതില്‍ മുന്‍പരിചയം കുറവായിരുന്നു എന്നാണ് വിലയിരുത്തലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്‍, ജില്ലാഭരണകൂടം, റെയില്‍ വേ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാണ് മാലിന്യനീക്കം നടത്താറുള്ളത്. ഇത്തവണ ആ ഏകോപനത്തില്‍ വീഴ്ച വന്നെന്നാണ് കാണുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ആമയിഴഞ്ചാന്‍ തോട്ടില്‍ ചെളി മൂടി കിടക്കുന്നതാണ് രക്ഷാദൗത്യം ദുര്‍ബലമാക്കുന്നത്. പരിശീലനം നേടിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മാലിന്യം പൂര്‍ണമായി നീക്കാന്‍ ഇനിയും അഞ്ചുമണിക്കൂര്‍ വേണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജീവനക്കാരനായ 42കാരനായ ജോയിയടക്കം നാല് പേരാണ് ശുചീകരണത്തിനായി ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയത്. തോട്ടില്‍ വീണയുടനെ സഹ തൊഴിലാളികള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് പോയെന്നാണ് നിഗമനം.
അതേസമയം റോയിയെ റെയില്‍വേയിലെ ചില കരാറുകാരാണ് ജോലിക്കായി കൊണ്ടുപോയതെന്നാണ് നാട്ടുകാരുടെ പ്രതികരണം. മാരായമുട്ടം വടകരയില്‍ അമ്മയ്ക്കൊപ്പം ജീവിക്കുന്ന അവിവാഹിതനായ ജോയി നാട്ടില്‍ ആക്രിസാധനങ്ങള്‍ ശേഖരിച്ചുവിറ്റായിരുന്നു ജീവിച്ചത്. ഇതിനിടെയാണ് കരാറുകാര്‍ വിളിച്ചപ്പോള്‍ തോട് വൃത്തിയാക്കുന്ന ജോലിക്ക് പോയതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.