ആറ്റുകാല്‍ പൊങ്കാലയ്‌ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് തിരുവനന്തപുരം.കോവിഡിനുശേഷം എത്തുന്ന പൊങ്കാല ഭക്തരെ സംബന്ധിച്ചും പ്രിയപ്പെട്ടതാണ്. അനന്തപുരിയുടെ എല്ലാ വഴികളും ആറ്റുകാലിലേക്ക് എന്ന മട്ടിൽ ഇന്നുതന്നെ ക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹമാണ്.ആറ്റുകാൽ ക്ഷേത്രത്തിന് കിലോമീറ്ററുകൾ അകലെ വരെ നഗരവീഥികളിൽ പൊങ്കാല അടുപ്പുകൾ നിരന്നുകഴിഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാൽ പൊങ്കാല.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേർ പൊങ്കാലയിടാൻ നഗരത്തിലെത്തുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. ഇതനുസരിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ ഇതിനോടകം തന്നെ നഗരത്തിൽ ഒരുക്കി കഴിഞ്ഞു. 800 വനിതാ പോലീസുകാരുൾപ്പെടെ 3300 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.താപനില ഉയരുന്നതിനാൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷയാണ് ഇത്തവണ അഗ്നിരക്ഷാസേനയും ഒരുക്കുന്നത്.
പൊങ്കാലയോടനുബന്ധിച്ച് നാല് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.എറണാകുളത്ത് നിന്നും നാഗര്‍കോവിലിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ സര്‍വ്വീസ് നടത്തുന്നുണ്ട്.12 ട്രെയിനുകൾക്ക് ജില്ലയുടെ വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പും പൊങ്കാലദിവസം അനുവദിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക സർവീസുകള്‍ ഒരുക്കിയിട്ടുണ്ട്.