KERALA

കടുവ ആക്രമിച്ച തോമസിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല, മരണ കാരണം രക്തസ്രാവം; ആരോപണങ്ങള്‍ തള്ളി ആരോഗ്യമന്ത്രി

രക്തം വാർന്നുപോകുന്ന സാഹചര്യത്തിൽ വാസ്കുലർ സർജൻ കാണണമെന്ന് മനസിലാക്കിയാണ് തോമസിനെ സ്റ്റെബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്

വെബ് ഡെസ്ക്

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആക്രമണം ഉണ്ടായി രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് തോമസിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അപ്പോള്‍ തന്നെ രക്തം ഒരുപാട് വാർന്നുപോയ നിലയിലായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന സീനിയർ സർജനും ഫിസിഷ്യനും അടക്കം തോമസിനെ പരിശോധിച്ചു. രക്തം വാർന്നുപോകുന്ന സാഹചര്യത്തിൽ വാസ്കുലർ സർജൻ കാണണമെന്ന് മനസിലാക്കിയാണ് തോമസിനെ സ്റ്റെബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണ കാരണം അമിത രക്തസ്രാവം ആണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് മെഡിക്കല്‍ കോളേജിലെ പരിമിതികള്‍ അംഗീകരിക്കുന്നു. പരിഹരിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി

തോമസിനെ ആശുപത്രിയിലെത്തിച്ചപ്പോൾ മികച്ച ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തോമസിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വിദഗ്ധ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി ഡിഎംഇയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. വയനാട് മെഡിക്കല്‍ കോളേജിലെ പരിമിതികള്‍ അംഗീകരിക്കുന്നു. പരിഹരിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ആര്യങ്കാവില്‍ മായം കലര്‍ന്ന പാല്‍ പിടികൂടിയ സംഭവത്തില്‍, ക്ഷീരവികസന, ആരോഗ്യ വകുപ്പുകള്‍ സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും വീണ ജോര്‍ജ്

ആര്യങ്കാവില്‍ മായം കലര്‍ന്ന പാല്‍ പിടികൂടിയ സംഭവത്തില്‍, ക്ഷീരവികസന, ആരോഗ്യ വകുപ്പുകള്‍ സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. പിടികൂടിയ പാല്‍ പരിശോധനയില്‍ ക്ഷീരവകുപ്പ് മായം കണ്ടെത്തിയിരുന്നെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് മായമില്ല എന്നായിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെതിരെ മന്ത്രി ചിഞ്ചുറാണി രംഗത്തെത്തിയിരുന്നു. ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്തിയതിന്റെ കൃത്യമായ റിപ്പോര്‍ട്ട് കൈവശമുണ്ട്. ലഭ്യമായ വിവരങ്ങള്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറിയതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയതിനാലാകാം രാസവസ്തു കണ്ടെത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

ആറുമണിക്കൂറില്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താന്‍ സാധിക്കുള്ളു. അത് കഴിഞ്ഞാല്‍ അത് ഓക്‌സിജനായി മാറും.  ആരോഗ്യവകുപ്പ് ചെയ്യുന്നതുപോലെ പരിശോധന നടത്താന്‍ അധികാരം തന്നാല്‍ അപ്പോള്‍ തന്നെ മായംകലര്‍ന്ന പാല്‍ പിടികൂടാന്‍ സാധിക്കും. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് കൈമാറിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, പരിശോധന റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കൃത്യമായി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാം. പക്ഷേ വകുപ്പിലേക്ക് ഇതുവരെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും വീണാ ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി