KERALA

"മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തുനിന്ന് വാങ്ങികഴിക്കട്ടെ"; കലോത്സവ ഭക്ഷണ വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീർ

വെബ് ഡെസ്ക്

കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്ന് നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ. കോഴിക്കോട് കലോത്സവത്തിനിടെയുണ്ടായ ഭക്ഷണ വിവാദത്തിലായിരുന്നു ഷംസീറിന്റെ പ്രതികരണം. കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണ്. ചിക്കൻ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് നൃത്തം ചെയ്യുകയെന്നും ഷംസീർ ചോദിക്കുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്‌പീക്കറുടെ പ്രതികരണം. അടുത്ത വർഷത്തെ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഷംസീറിന്റെ ഭിന്നാഭിപ്രായം.

ആരെങ്കിലും തന്റെ ഭാര്യയെ ചുംബന സമരം പോലുള്ള പ്രതിഷേധങ്ങൾക്ക് അയയ്ക്കുമോ. താൻ ഏതായാലും അത്ര പുരോഗമന വാദിയല്ല
ഷംസീർ

"എനിക്ക് നോൺ വെജ് ഭക്ഷണത്തോടാണ് പ്രിയം. പക്ഷേ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ യുവജനോത്സവം പോലെയുള്ള ഒത്തുചേരലുകളിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലത്. ചിക്കൻ ബിരിയാണി കഴിച്ചിട്ട് ഒരു കുട്ടിക്ക് എങ്ങനെയാണ് സ്റ്റേജിൽ നൃത്തം ചെയ്യാനാകുക. വെജിറ്റേറിയൻ എല്ലാവർക്കും കഴിക്കാം എന്നാൽ നോൺ വെജ് അങ്ങനെയല്ല. നോൺ വെജ് കഴിച്ചേ മതിയാകൂ എന്നുള്ളവർക്ക് പുറത്തുനിന്ന് വാങ്ങി കഴിക്കാം"-ഷംസീർ പറയുന്നു. അതൊരു അനാവശ്യ വിവാദമായിരുന്നുവെന്നും ഷംസീർ കൂട്ടിച്ചേർത്തു.

'ചുംബന സമരത്തെ' കുറിച്ചുള്ള ചോദ്യത്തിനും തന്റെ നിലപാട് ആവർത്തിച്ച് ഷംസീർ. ചുംബനം എങ്ങിനെയാണ് ഒരു പ്രതിഷേധത്തിന്റെ ഭാഗമാകുന്നതെന്നും പരസ്യമായി തെരുവുകളിൽ ചെയ്യേണ്ട കാര്യമല്ല ചുംബനമെന്നും ഷംസീർ പറഞ്ഞു. അതുകൊണ്ട് തന്നെ അത്തരം അരാജക പ്രവർത്തനങ്ങൾ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും ഷംസീർ വ്യക്തമാക്കി. ആരെങ്കിലും തന്റെ ഭാര്യയെ ചുംബന സമരം പോലുള്ള പ്രതിഷേധങ്ങൾക്ക് അയയ്ക്കുമോ. താൻ ഏതായാലും അത്ര പുരോഗമന വാദിയല്ല. "നമുക്ക് ചില അടിസ്ഥാനപരമായ സാംസ്‌കാരിക മൂല്യമുണ്ട്" അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സമുദായത്തിന് വിശ്വസിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അതുകൊണ്ടാണ് പാർട്ടിയിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതെന്നും ഷംസീർ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന യഥാർത്ഥ മതേതര പാർട്ടിയാണ് സിപിഎം. സ്വത്വ രാഷ്ട്രീയം ആപത്കരമാണ്. കൂടാതെ മുസ്ലീം വിഭാഗത്തിന്റെ പ്രശ്നം അവർ തന്നെ പരിഹരിക്കാം എന്ന് വിചാരിക്കുന്നതും എല്ലാവർക്കും അപകടകരമാണെന്നും ഷംസീർ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും