തിരുവനന്തപുരം നഗരത്തിൽനിന്ന് ചന്ദനമരം മുറിച്ച് കടത്തിയ സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍. മുട്ടത്തറ സ്വദേശി വിജയകുമാരൻ നായർ, പേയാട് സ്വദേശി ജോണി, കഴക്കൂട്ടം സ്വദേശി ഹരി എന്നിവരാണ് പിടിയിലായത്.
മ്യൂസിയം മുനിസിപ്പല്‍ ഓഫീസ് വളപ്പിൽനിന്നും കോട്ടയ്ക്കൽ ട്രഷറി ഓഫീസിന് സമീപത്തുനിന്നും ചന്ദന മരങ്ങള്‍ മുറിച്ച കേസിലാണ് അറസ്റ്റ്. ഷാഡോ പോലീസും മ്യൂസിയം പോലീസും ചേര്‍ന്ന് ഇന്നലെ രാത്രിയാണ് പ്രതികളെ പിടികൂടിയത്.
കാര്യവട്ടം ക്യാമ്പസിനകത്ത് നിന്ന് ഒരു ചന്ദനമരം ഇതിനുമുന്‍പ് മോഷണം പോയിരുന്നു
മുറിച്ച ചന്ദനരം മലപ്പുറത്തേയ്ക്ക് കടത്തിയെന്നാണ് പ്രതികളുടെ മൊഴി. നിലവില്‍ പ്രതികള്‍ മ്യൂസിയം സ്റ്റേഷനിലാണുള്ളത്.
വിജയകുമാരന്‍ നായരാണ് മുറിക്കാനായി ചന്ദന മരം കണ്ടുപിടിച്ചതെന്നും ശേഷം ജോണിയും വിജയകുമാരന്‍ നായരും കൂടി ചന്ദനമരം മുറിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹരിയുടെ ഓട്ടോയിലാണ് തടി കടത്തിയതെന്നും പോലീസ് അറിയിച്ചു.
മ്യൂസിയം മുൻസിപ്പല്‍ ഓഫീസ് ഭാഗത്തെ ഒരു മരവും കോട്ടയ്ക്കല്‍ ട്രഷറിക്ക് സമീപത്തുള്ള ഒരു മരവുമാണ് മുറിച്ചുകടത്തിയത്. കാര്യവട്ടം ക്യാമ്പസിനകത്തുനിന്ന് ഒരു ചന്ദനമരം മുന്‍പ് മോഷണം പോയിരുന്നു. അതിനുപിന്നിലും ഇവരാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.