ആ രാത്രിയിൽ സ്വരക്ഷ നോക്കാതെ ദുരന്തഭൂമിയിലേക്ക് ഓടിയെത്തി ആളുകളെ പുറത്തെടുത്ത് കിട്ടുന്ന വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാൻ മടികാണിക്കാത്ത കൊണ്ടോട്ടിക്കാരുടെ പിന്തുണയ്ക്ക് ഹൃദയത്തിൽനിന്ന് നന്ദി പറയുകയാണ് കരിപ്പൂർ വിമാനാപടകത്തിനിരയായവർ. മരിച്ചവരുടെ കുടുംബങ്ങളും പരുക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നവരുമെല്ലാം ചേർന്ന് കൊണ്ടോട്ടി ചിറയിൽ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയൊരു കെട്ടിടം പണിയുകയാണ്.
2020 ഓഗസ്റ്റ് ഏഴിന് നടന്ന വിമാനദുരന്തത്തിന് മൂന്ന് വർഷം പൂർത്തിയാവുമ്പോൾ ഇരകളായവർ ചേർന്ന് നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. 2022ൽ വിമാന ദുരന്തത്തിന് രണ്ടുവർഷം പൂർത്തിയാവുമ്പോഴായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയണമെന്ന് തീരുമാനിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ നിന്നുള്ള വിഹിതമാണ് ഇവർ ആതുരാലയത്തിനായി നൽകുക.
മരിച്ചവരുടെ കുടുംബങ്ങളും അപകടത്തിൽ പരുക്കേറ്റവരും ഉൾപ്പെടുന്ന ചാരിറ്റബിൾ ഫൗണ്ടേഷൻ മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കെട്ടിട നിർമാണം. 35 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. ലാബ്, ഒപി, രോഗികൾക്കുള്ള ഇരിപ്പിട സൗകര്യം, ഫാർമസി എന്നിവയായിരിക്കും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക.
നടുക്കം മാറാതെ കൊണ്ടോട്ടിയിലെ ജനങ്ങൾ
2020 ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനദുരന്തം നടന്നത്. 184 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന എയർ ഇന്ത്യ എക്സ്പ്രസായിരുന്നു അപകടത്തിൽപ്പെട്ടത്. ലോകം മുഴുവൻ കോവിഡിന്റെ ഭീതിയിൽ കഴിയുന്ന സമയം ദുരന്തം റൺവേ തെറ്റി കൊണ്ടോട്ടിയുടെ ഹൃദയത്തിൽ പതിച്ചത് ഇന്നും അമ്പരപ്പോടെയാണ് അവിടുത്തുകാർ ഓർത്തെടുക്കുന്നത്. ദുരന്തം അറിഞ്ഞവരെല്ലാം ഞെട്ടലോടെ തലയിൽ കൈവച്ചപ്പോഴേക്കും കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ കോവിഡിന്റെ സാമൂഹിക അകലത്തിൽനിന്ന് മാറി ദുരന്തമുഖത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.
പുറത്തുനിന്ന് പ്രവേശനമില്ലാത്ത വിമാനത്താവളത്തിന്റെ ഏരിയ രക്ഷാപ്രവർത്തകരായ നാട്ടുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. കൂടുതൽ ആംബുലൻസുകൾ എത്തും മുമ്പേ നാട്ടുകാർ അവരുടെ സ്വന്തം വാഹനങ്ങളിൽ പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. ഔദ്യോഗിക രക്ഷാസംഘമെത്തും മുൻപേ ദുരന്തസ്ഥലത്തെത്തിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കി.
അപകടസ്ഥലത്തുനിന്ന് 300 മീറ്റർ മാത്രം അകലെയുള്ള ചിറയിൽ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കുമായിരുന്നു കൊണ്ടുപോയിരുന്നത്. അപകടത്തിൽ 21 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 169 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൈലറ്റിന് റൺവേയിൽ കൃത്യമായി വിമാനമിറക്കാൻ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. 72 പേരുടെ പരുക്ക് ഗുരുതരമായിരുന്നു.
ദുരന്തസമയത്ത് അനുഭവിച്ച ആശുപത്രി അസൗകര്യങ്ങൾക്ക് പരിഹാരമായി മാറുന്നതോടൊപ്പം കൊണ്ടോട്ടിയിലെ രക്ഷാപ്രവർത്തകരോടുള്ള ആദരം കൂടിയാണ് ആതുരാലയത്തിനായി പണിയുന്ന പുതിയ കെട്ടിടം. കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ഇന്നലെ തറക്കല്ലിട്ടു. പിന്നാലെ അന്നത്തെ അപകടത്തിൽ പരുക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നവരും മരിച്ചവരുടെ ബന്ധുക്കളും ഒപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന നാട്ടുകാരും ഒത്തുചേർന്നു. ദുരന്തദിവസത്തിന്റെ ഓർമകൾ പരസ്പരം പങ്കുവച്ചു.
കേന്ദ്രസർക്കാർ വാക്കുപാലിച്ചില്ലെന്ന് പരാതി
ആഘാതം, തുടർചികിത്സ, ആശ്രിതരുടെ അവസ്ഥ എന്നിവയെല്ലാം പരിഗണിച്ച് 12 ലക്ഷം മുതൽ, 7.2 കോടിവരെയാണ് പരുക്കേറ്റവർക്കും മരിച്ചവർക്കുമായി നഷ്ടപരിഹാരം നൽകിയത്. കേന്ദ്രസർക്കാർ മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം രൂപ ഇതുവരെ ലഭിച്ചില്ലെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം ചൂണ്ടിക്കാട്ടുന്നു. എയർ ഇന്ത്യ പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ നഷ്ടപരിഹാരതുകയാണ് കരിപ്പൂരിലേത്. മംഗലാപുരം വിമാനാപകടം നടന്ന് 12 വർഷം കഴിയുമ്പോഴും നഷ്ടപരിഹാരം ലഭിക്കാത്ത യാത്രക്കാരുണ്ട്. കരിപ്പൂരിൽ അപകടത്തിൽപ്പെട്ട നൂറോളം പേർ ഇപ്പോഴും ചികിത്സ നടത്തുന്നവരാണ്.
ദുരന്തത്തോട നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. പൈലറ്റിന്റെ പിഴവ് മൂലം സംഭവിച്ച ദുരന്തത്തിന്റെ പേരിൽ വലിയ വിമാനങ്ങൾ കരിപ്പൂരിൽ നിർത്തലാക്കിയതിൽ ഗൂഢാലോചന സംശയിക്കുന്നുവർ കുറവല്ല. റൺവേ നവീകരണത്തിലുള്ള പതിനാലര ഏക്കർ സ്ഥലം ഏറ്റെടുത്ത് കരിപ്പൂരിനെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.