KERALA

തൃശൂര്‍ പൂരം വിവാദം: കമ്മിഷണര്‍ അങ്കിത് അശോകിനെ മാറ്റി, നടപടി തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ

അങ്കിത് അശോകിന് പുതിയ നിയമനം നല്‍കിയിട്ടില്ല

വെബ് ഡെസ്ക്

തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകിനെ മാറ്റി. ഇന്റലിജന്‍സ് എസ്പി ആര്‍ ഇളങ്കോ ആണ് പുതിയ സിറ്റി പോലീസ് കമ്മിഷണര്‍. അങ്കിത് അശോകിന് പുതിയ നിയമനം നടത്തിയിട്ടില്ല. തൃശൂര്‍ പൂരത്തിനിടയില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്ന സമയത്ത് നടന്ന വിവാദത്തിന് പിന്നാലെ, അങ്കിത് അശോകിനെ മാറ്റാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്ക് വിസമ്മതിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് ഇന്നു സര്‍ക്കാര്‍ നടപടിയെടുത്തത്.

തൃശൂര്‍ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസമാകും വിധം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടിയുണ്ടായത്. ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തര്‍ക്കത്തിനിടയാക്കി. തിരുവമ്പാടി ഭാഗത്തുനിന്ന് റൗണ്ടിലേക്കുള്ള എല്ലാവഴികളും അടച്ചു. തിരുവമ്പാടിയുടെ രാത്രി പഞ്ചവാദ്യത്തിന് ദേശക്കാര്‍ക്കുപോലും എത്താനാകാത്ത സ്ഥിതിയുണ്ടായി.

പൂരത്തിനു മുന്നോടിയായിനടന്ന ചര്‍ച്ചയിലെ തീരുമാനത്തിന് വിരുദ്ധമായാണ് പത്തരമുതല്‍ റോഡ് അടച്ചത്. വഴികള്‍ രണ്ടിന് അടച്ചാല്‍മതിയെന്ന തീരുമാനമാണ് പോലീസ് തന്നെ അട്ടിമറിച്ചത്. എം ജി റോഡ്, എ ആര്‍ മേനോന്‍ റോഡ്, ഷൊര്‍ണൂര്‍ റോഡ് എന്നീ പ്രധാന റോഡുകളെല്ലാം പോലീസ് വളരെ നേരത്തേ അടച്ചു. റൗണ്ടില്‍ ജോസ് തിയേറ്ററിനുസമീപവും ബാരിക്കേഡ് വെച്ച് അടച്ചിരുന്നു.

പൂരം ചടങ്ങാക്കാന്‍ തീരുമാനിച്ചതോടെ രാത്രി 11.30-നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്പാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്പത് ആനകള്‍ അണിനിരക്കേണ്ടത്‌ ഒന്നാക്കി. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പ്രശ്നങ്ങളെത്തുടര്‍ന്ന് ചിലയിടത്ത് ജനക്കൂട്ടം പോലീസിനെ 'ഗോ ബാക്ക്' വിളിച്ചു. പ്രശ്നം രൂക്ഷമായതോടെ കളക്ടറും മന്ത്രി കെ രാജനും പുലര്‍ച്ചെതന്നെ ചര്‍ച്ചകള്‍ക്കെത്തി. ബിജെപി നേതാക്കളും ദേവസ്വം ഓഫീസില്‍ എത്തിയിരുന്നു. ഒടുവില്‍ വെടിക്കെട്ടുനടത്താന്‍ തീരുമാനിച്ചപ്പോള്‍ അഞ്ചുമണിയായി. ഇതനുസരിച്ച് ഏഴേകാലോടെ പാറമേക്കാവും ഏഴേമുക്കാലോടെ തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തി. തുടര്‍ന്ന്, പകല്‍പ്പൂരവും ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയലും നടന്നു.

ഇതിന് പിന്നാലെ, രൂക്ഷവിമര്‍ശനവുമായി സിപിഐ, സിപിഎം ജില്ലാ നേതൃത്വങ്ങള്‍ രംഗത്തുവന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും പരസ്യവിമര്‍ശനവുമായി രംഗത്തെത്തി. പൂരം അട്ടിമറിച്ച് ബിജെപിക്ക് അനുകൂല സാഹചര്യമുണ്ടാക്കാന്‍ പോലീസും ആര്‍എസ്എസും തമ്മില്‍ ഗൂഢാലോചന നടന്നു എന്നായിരുന്നു ആരോപണം. പോലീസ് നടപടിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.പോലീസിന് എതിരായ പരാതി ഗൗരവതരമാണെന്നും ഡിജിപിയോട് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ഈ നീക്കവും കാരണമായി എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ആഭ്യന്തരവകുപ്പ് കൂടി കൈവശംവച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനുമേല്‍ പിടിയില്ലെന്ന ആരോപണം സിപിഐ നേരത്തെയും ഉയര്‍ത്തിയിരുന്നു. ഇതിന് ശക്തിപകരുന്നതായി പുതിയ സംഭവവികാസങ്ങള്‍. ഇതിന് പിന്നാലെയാണ്, മുഖംരക്ഷിക്കാനായി സര്‍ക്കാര്‍ അങ്കിത് അശോകിന് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം