തൃശൂര്‍ പൂരവിവാദം അണയുന്നില്ല. പൂരം കലക്കല്‍ അന്വേഷണം സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്നു ചൂണ്ടിക്കാട്ടി പോലീസ് ആസ്ഥാനത്തെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എംഎസ് സന്തോഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കിയെന്നും അത് സര്‍ക്കാരിനും പോലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ, ആ അന്വേഷണ റിപ്പോര്‍ട്ട് എന്തായി എന്നിങ്ങനെ നേരിട്ടുള്ള ചോദ്യങ്ങളായിരുന്നു അപേക്ഷയിലുണ്ടായിരുന്നതെന്നും ഈ ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ചു മറുപടി നല്‍കാവുന്നതായിരുന്നുവെന്നും എന്നാല്‍ ഡിവൈഎസ്പി അതിന് മുതിരാതെ തെറ്റായ വിവരം നല്‍കുകയായിരുന്നുവെന്നുമാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്നാണ് പൂരം അലങ്കോലപ്പെടലില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ചുള്ള വിവരാവാകശ നിയമപ്രകാരമുള്ള മറുപടി പുറത്തുവന്നത്. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വിധ അന്വേഷണവും നടക്കുന്നില്ലെന്നായിരുന്നു മറുപടി. ഒരു വാര്‍ത്താ ചാനല്‍ നല്‍കിയ അപേക്ഷയിലാണ് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പി ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയത്.
എന്നാല്‍ ഇത് തെറ്റായ മറുപടിയാണെന്നും അന്വേഷണചുമതല തൃശൂര്‍ പോലീസിന് അല്ലെന്നും അവിടെ അന്വേഷണം നടക്കുന്നുണ്ടോയെന്നു തെറ്റായി ആരാഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ധൃതിപിടിച്ച് ഡിവൈഎസ്പി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
''വിവരാവാകാശ നിയമപ്രകാരം ഒരപേക്ഷ ലഭിച്ചാല്‍ 30 ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതി. എന്നാല്‍ അപേക്ഷ ലഭിച്ചതിന്റെ പിറ്റേ ദിവസം തന്നെ മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ അപേക്ഷയിലെ ചോദ്യങ്ങള്‍ തൃശൂര്‍ ഓഫീസിലെ ലേക്ക് അയച്ചു നല്‍കുകയായിരുന്നുവെന്നും അവിടെ അന്വേഷണം നടക്കുന്നുണ്ടോയെന്നാണ് ആരാഞ്ഞതെന്നും അവര്‍ക്കല്ല അന്വേഷണ ചുമതലയെന്നതിനാല്‍ നടക്കുന്നില്ലെന്ന് തൃശൂര്‍ ഓഫീസില്‍ നിന്ന് അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഡിവൈഎസ്പിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന അന്വേഷണത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും ഇത്തരത്തില്‍ നിരുത്തരവാദിത്തപരമായി പ്രവര്‍ത്തിച്ച് സര്‍ക്കാരിനും സേനയ്ക്കും കളങ്കം വരുത്തിവയ്ക്കുകയായിരുന്നുവെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
അതേസമയം പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ മനപൂര്‍വം പൂരം കലക്കിയതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ സഹായിക്കുകയാണ് ചെയ്തതെന്നു കെപിസി അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിച്ചു. തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും കെപിസിസി അന്വേഷണ റിപ്പോര്‍ട്ടി പറയുന്നു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
വിഷയത്തില്‍ കേരളാ പോലീസിനെതിരേ ആഞ്ഞടിച്ച് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍ കുമാറും രംഗത്തു വന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പോലീസ് അട്ടിമറിച്ചെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ''പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. എന്നാല്‍ അങ്ങനെ ഒരു അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന വാര്‍ത്തകളാണ് പോലീസ് ആസ്ഥാനത്തു നിന്ന് പുറത്തുവരുന്നത്. അന്വേഷണം പോലീസ് അട്ടിമറിച്ചതായാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്''- സുനില്‍കുമാര്‍ പറഞ്ഞു.