KERALA

'തൃശൂര്‍ പൂരം കലക്കിയിട്ടില്ല', ബാഹ്യഇടപെടല്‍ തള്ളി എഡിജിപിയുടെ റിപ്പോര്‍ട്ട്; ഏകോപനത്തില്‍ കമ്മിഷണര്‍ക്ക് വീഴ്ച

കോടതി നിര്‍ദേശം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു പോലീസ് പൂരം ദിവസത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഡിജിപി

വെബ് ഡെസ്ക്

കേരളത്തില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച തൃശ്ശൂര്‍ പൂരവിവാദത്തില്‍ പോലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് പോലീസ് നിലപാട്. പുരവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഏകോപനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പാളിച്ച പറ്റി. പൂരം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ദേവസ്വങ്ങളുടെ നിലപാട് മൂലമായിരുന്നു എന്നും തൃശൂര്‍ പൂരം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കോടതി നിര്‍ദേശം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു പോലീസ് പൂരം ദിവസത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ചയുണ്ടായി. വിവിധ ഇടങ്ങളില്‍ പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതും വിവരങ്ങള്‍ കൃത്യമായി ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നുമാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഡിജിപി ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും.

പൂരം നടന്ന് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ വാക്ക്പോരിനും വഴിവച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് പിന്നാലെയാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.

തൃശൂര്‍ പൂരം വിവാദത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയിലെ വി എസ് സുനിൽകുമാർ അടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്, പൊലീസ് നടപടികളെ തുടർന്ന് തൃശൂർ പൂരം അലങ്കോലപ്പെട്ടതായി ആക്ഷേപം ഉയർന്നത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം ആർ അജിത് കുമാറിന് പൂരം കലക്കലിൽ പങ്കുണ്ടെന്ന തരത്തിലും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എം ആർ അജിത് കുമാർ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, പുരം അലങ്കോല പെടുത്താന്‍ ഇടപെട്ടു എന്ന് ആരോപണം നേരിടുന്ന എഡിജിപി തന്നെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍