തൃശൂര്‍ പൂരം വിവാദവുമായി ബന്ധപ്പെട്ട് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ചൂടുപിടിച്ച് രാഷ്ട്രീയ കേരളം. തൃശൂര്‍ പൂരം അലങ്കേലമായതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എംആര്‍ അജിത്ത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പുറത്തുവന്ന വിവരങ്ങള്‍ തള്ളി രാഷ്ട്രീയ നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി എസ് സുനില്‍കുമാര്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ മുരളീധരന്‍ എന്നിവരാണ് രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിത്. വിവിധ ദേവസ്വം ബോര്‍ഡുകളും പോലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ രംഗത്തെത്തി.
തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. ഒരു കമ്മിഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാവില്ല. റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയക്കുറവുണ്ടായെന്ന വിലയിരുത്തല്‍ അംഗീകരിക്കാന്‍ കഴിയില്ല. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് തനിക്കറിയാം എന്നും വിഎസ് സുനില്‍ കുമാര്‍ പ്രതികരിച്ചു. പൂരം കലങ്ങിയതില്‍ തനിക്കും പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ജനങ്ങളുടെ പൂരം ആ രീതിയില്‍ തന്നെ നടക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നാണ് ആഗ്രഹം. അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
തൃശൂര്‍ പൂരം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടില്‍ വിശ്വാസ്യത ഇല്ലെന്നാണ് കെ മുരളീധരന്റെ നിലപാട്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ടായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തൃശൂര്‍ പുരം അലങ്കോലമായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യം വിജയിച്ച ബിജെപി സ്ഥാനാര്‍ഥിയും ആവശ്യപ്പെടുന്നു. സിപിഐ സ്ഥാനാര്‍ഥിയായിരുന്ന വി എസ് സുനില്‍ കുമാറിനും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടാണ്. മൂന്ന് പ്രധാന കക്ഷികളും ഒരേ ആവശ്യം ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മാത്രം എന്താണ് പിടിവാശിയെന്നും കെ മുരളീധരന്‍ ചോദിക്കുന്നു.
തൃശൂര്‍ പൂരം വിവാദത്തിന്റെ ഗുണഭോക്താക്കള്‍ ബിജെപിയാണ്. പൂരം വിവാദം തൃശൂരിന്റെ രാഷ്ട്രീയ ചിത്രം മാറ്റി. ഒരു വര്‍ഷം മുന്‍പ് എഡിജിപി ആര്‍എസ് എസ് നേതാക്കളെ കണ്ടതിന്റെ പരിണിത ഫലമാണ് ഇലക്ഷന്‍ ക്ലൈമാക്സില്‍ എത്തിയ പൂരത്തില്‍ കണ്ടത് എന്നും മുരളീധരന്‍ ആരോപിച്ചു. എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ നടന്നത് ബിജെപിയെയും ഇടതുപക്ഷത്തെയും സഹായിക്കാം എന്ന ചര്‍ച്ചയായിരിക്കാം. കരുവന്നൂര്‍ വിഷയം ഉള്‍പ്പെടെ വിസ്മൃതിയിലേക്ക് പോയത് പരസ്പര സഹായത്തിന്റെ ലക്ഷണങ്ങളാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
അതേസമയം, പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് ആവര്‍ത്തിക്കുകയാണ് വിവിധ ദേവസ്വം പ്രതിനിധികളും. പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗുഢാലോചന സംബന്ധിച്ച തെളിവുകളുണ്ടെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. ഗൂഢാലോചന ആക്ഷേപം സിബിഐ അന്വേഷിക്കണം എന്നാണ് പാറമേക്കാവ് ദേവസ്വം പ്രതിനിധിയുടെ പ്രതികരണം. പോലീസ് റിപ്പോര്‍ട്ട് തള്ളി വിവിധ മേഖലകളില്‍നിന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പൂരം വിവാദം കേരള രാഷ്ട്രീയത്തില്‍ അത്ര പെട്ടെന്ന് അവസാനിക്കില്ലെന്ന സൂചന കൂടിയാണ് പുറത്തുവരുന്നത്.