ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രക്ഷുബ്ദമായിരുന്ന മലയോര മേഖല വീണ്ടും രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയാകുന്നു. ബഫര്‍സോണ്‍ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ നിലപാടിനെതിരെ കെസിബിസി പ്രത്യക്ഷ നിലപാടെടുത്ത് തെരുവിലിറങ്ങുന്നത്. സമരത്തിനിറങ്ങുന്നതിനെ വിമര്‍ശിച്ച് സര്‍ക്കാരും രംഗത്തെത്തിയിരിക്കുകയാണ്. അനുനയ നീക്കമെന്നോണം ഉപഗ്രഹ സര്‍വെയുടെ സമയപരിധി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് ശേഷമെ തീരുമാനമെടുക്കൂ എന്ന നിലപാടും സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും മത സംഘടനകളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
ബഫർസോൺ മേഖലകളിൽ നടത്തിയ ഉപഗ്രഹ സർവേ ഫലപ്രദമല്ലെന്നും സർവേ റിപ്പോർട്ട് അവ്യക്തമാണെന്നും ആരോപിച്ച് കെസിബിസി, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് തുടങ്ങിയ സംഘടനകൾ സമരത്തിലേക്ക് നീങ്ങുകയാണ് . സമരങ്ങൾ ദൗര്‍ഭാഗ്യകരമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ സമരങ്ങള്‍ക്ക് മതമേലധ്യക്ഷന്മാര്‍ കൂട്ടു നില്‍ക്കരുതെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറുന്നു.
ബഫര്‍സോണ്‍ ഉപഗ്രഹ സർവേയ്ക്കെതിരെ ഈ മാസം 23നകം പരാതി നൽകണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. പുതിയ സാഹചര്യത്തില്‍ ഈ സമയപരിധി നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. സർവേക്കെതിരേയുള്ള പരാതികൾ സ്വീകരിക്കാൻ പഞ്ചായത്തുകളിൽ ഹെല്‍പ് ഡെസ്ക് തുടങ്ങും. പരാതികൾ പരിശോധിച്ച് വീണ്ടും ഫീൽഡ് സർവേ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 20നാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്. സമിതിയുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും, എന്നാല്‍ മാത്രമേ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാവുകയുളളുവെന്നും വനംമന്ത്രി വ്യക്തമാക്കി.
സർവേക്കെതിരായ പരാതികൾ സ്വീകരിക്കാൻ പഞ്ചായത്തുകളിൽ ഹെല്‍പ് ഡെസ്ക്
സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്കാ സഭാ നേതൃത്വം വ്യക്തമാക്കി. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മറ്റന്നാൾ ജനജാഗ്രത യാത്ര നടത്തും. സർവെ റിപ്പോർട്ടിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാ സംഘും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്തു വന്നു. വനം വകുപ്പ് ഓഫീസിനു മുന്നില്‍ റിപ്പോര്‍ട്ട് കത്തിച്ചു കൊണ്ടായിരുന്നു രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ പ്രതിഷേധം. കോടതി വിധികളിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ തുടക്കമാണ് ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേയെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
പുനഃപരിശോധനാ ഹര്‍ജി കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനാണെന്നാണ് താമരശ്ശേരി രൂപതയുടെ ആരോപണം
ബഫര്‍സോണ്‍ വിഷയത്തില്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണിയുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്ന് വനം മന്ത്രിയും പറയുന്നു.
അതിനിടെ, ബഫർസോൺ വിഷയത്തില്‍ വീഴ്ചയുണ്ടായത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഉപഗ്രഹ സർവേ സംബന്ധിച്ച് സംസ്ഥാനമാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകേണ്ടത്. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ പ്രത്യേക അജണ്ടയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം കർഷകരോടൊപ്പമാണ്. സംസ്ഥാനം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. വീഴ്ച സംഭവിച്ചത് സംസ്ഥാന സര്‍ക്കാരിനാണെന്ന് സഭയ്ക്കും കർഷകർക്കും അറിയാമെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കി ജൂണ്‍ മൂന്നിനാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇത് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരളം ഹര്‍ജി ഫയല്‍ ചെയ്തു. പുനഃപരിശോധനാ ഹര്‍ജി കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനാണെന്നാണ് താമരശ്ശേരി രൂപതയുടെ ആരോപണം. സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും വിമര്‍ശനമുണ്ട്.